ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലന്‍റെ മൃതദേഹം കണ്ടെത്തി. ഫോറസ്റ്റും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ടിടത്തു നിന്നും അല്‍പം മാറിയാണ് മൃതദേഹം ഉണ്ടായിരുന്നത്.
മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റെസ്‌ക്യൂ സംഘം വ്യാഴാഴ്‌ച (ഓഗസ്റ്റ് 11) രാവിലെ മുതല്‍ തെരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. നാല് ദിവസം നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
മഴ ശമിച്ചതോടെ വ്യാഴാഴ്‌ച (ഓഗസ്റ്റ് 11) രാവിലെ തെരച്ചില്‍ വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു. മരത്തിന്‍റെ അടിയില്‍ തങ്ങി നിന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ഗ്രാമ്പി സ്വദേശിയായ ബാലനെ ഓഗസ്റ്റ് അഞ്ചിനാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം.
പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടമ്പുളി പറിക്കാനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു.