ഇടുക്കി:കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഇടതുപക്ഷം ഭരിക്കുന്ന രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ഹാട്രിക് വിജയം നേടി മന്ത്രി പുത്രി. മന്ത്രി എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോനാണ് തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ പ്രസിഡന്‍റ് കൂടിയായിരുന്നു സതി.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ഇതുവരെ രാജാക്കാട് ഗ്രാമ പഞ്ചായത്ത് ഇടുപക്ഷത്തിന് നഷ്‌ടമായിട്ടില്ല. ഇത്തവണയും ജനം ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. തുടര്‍ച്ചായായ മൂന്നാം തവണയും ജനവിധി തേടിയ പഞ്ചായത്ത് പ്രസിഡന്‍റും മന്ത്രി എം.എം. മണിയുടെ മകളുമായ സതി കുഞ്ഞുമോന്‍റെ വിജയമായിരുന്നു ഇടതുപക്ഷത്തിന്‍റെ അഭിമാനപ്രശ്‌നം. കടുത്ത മത്സരം നടന്ന വാര്‍ഡുകൂടിയായിരുന്നു ഇത്. ജനസമ്മതയും കര്‍ഷക തൊഴിലാളിയുമായ അംബികാ ഷാജിയെ 79 വോട്ടുകള്‍ക്കാണ് സതി പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്ന് സതി കുഞ്ഞുമോന്‍ പറഞ്ഞു.
ആകെയുള്ള 13 സീറ്റുകളിൽ ഏഴ് സീറ്റുകളിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 1, 2, 3, 4, 5, 7, 10, 11 വാർഡുകളിലാണ് ഇടത് സ്ഥാനാർഥികൾ വിജയിച്ചത്. ആറു സീറ്റുകൾ നേടിയ യു. ഡി. എഫ് ശക്തമായ പ്രതിപക്ഷമായി തുടരും. എം. എസ് സതി, ട്രേഡ് യൂണിയൻ നേതാവ് സി. ആർ രാജു, ഡി. വൈ. എഫ്. ഐയിലൂടെ വളർന്നുവന്ന കെ. പി സുബീഷ് എന്നിവരാണ് ഇടതുപക്ഷത്തെ വിജയികളിൽ പ്രമുഖർ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും സി. പി. എം ഏരിയ കമ്മറ്റി അംഗവുമായ ബേബിലാൽ 12 വോട്ടുകൾക്ക് കോൺഗ്രസിലെ ബെന്നി പാലക്കാടിനോട് പരാജയപ്പെട്ടു. യു. ഡി. എഫിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജോസ് നാലാം വാർഡിൽ പരാജയപ്പെട്ടപ്പോൾ നെടുങ്കണ്ടം മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആയിരുന്ന റെജി പനച്ചിയ്ക്കൽ ഒൻപതാം വാർഡിൽ വിജയം നേടി. 7 - 6 ആയിരുന്നു കഴിഞ്ഞ തവണത്തെയും കക്ഷിനില.