ഇടുക്കി: തോട്ടം മേഖലയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ അഞ്ച് വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്.
തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതോടെ ലയങ്ങളില്‍ നിന്നും ഒഴിവാകണമെന്നതാണ് വ്യവസ്ഥ. ഇക്കാരണം കൊണ്ടു തന്നെ സ്വന്തമായി വീടും സ്ഥലവുമില്ലാത്ത തോട്ടം തൊഴിലാളികള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് വീടും സ്ഥലവുമില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് വീടുവച്ച് നല്‍കുന്ന പദ്ധതിയുമായി തൊഴില്‍വകുപ്പ് രംഗത്തെത്തിയത്. ഭവനം ഫൗണ്ടേഷനാണ് വീടുകളുടെ നിര്‍മാണ ചുമതല.കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്വന്തമായി വീട് ലഭിച്ചതിന്റെ സന്തോഷം തൊഴിലാളി കുടുംബങ്ങളും പങ്ക് വച്ചു. ചടങ്ങില്‍ ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍, ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍, എപികെ പ്രസിഡന്‍റ് കരിയപ്പ, അഡീഷണല്‍ ലേബര്‍ കമ്മീഷണന്‍ ശ്രീലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.