ഇടുക്കി: മന്ത്രി പി പ്രസാദിന്‍റെ ഹർജി തീർപ്പാക്കിയിട്ടും ഹർത്താലിൽ നിന്ന് പിന്മാറാതെ അതിജീവന പോരാട്ടവേദി. ഹർജി തീർപ്പാക്കിയതിന്‍റെ രേഖകൾ പുറത്തുവിടണമെന്നും അപ്പീൽ പോകില്ലെന്ന് ഉറപ്പുണ്ടാകണമെന്നുമാണ് അതിജീവന പോരാട്ടവേദിയുടെ ആവശ്യം.
പി പ്രസാദ് ഹരിത ട്രിബ്യൂണലിൽ നൽകിയ ഹർജി തീർപ്പാക്കിയതാണെന്ന് സിപിഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹർത്താൽ നടത്തുന്ന അതിജീവന പോരാട്ടവേദിക്കെതിരെ അതിരൂക്ഷ വിമർശനവും കെ.കെ ശിവരാമൻ ഉന്നയിച്ചു. ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മണ്ഡലത്തിൽ സിപിഐ ജില്ല സമ്മേളനം ആരംഭിക്കുന്ന ദിവസം നടത്തുന്ന ഹർത്താൽ പി പ്രസാദിനെതിരെയല്ല, സിപിഐക്കെതിരെയുള്ള രാഷ്‌ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ പ്രസാദിന്‍റെ ഹർജി തീർപ്പാക്കിയെന്ന് ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കുമ്പോഴും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അതിജീവന പോരാട്ടവേദി. തങ്ങളുടെ പ്രതിഷേധം സിപിഐക്കെതിരെ മാത്രമല്ലെന്നും ഇടതു സർക്കാരിനെതിരെ കൂടിയാണെന്നും പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലിൽ പറഞ്ഞു. ഹർജി തീർപ്പാക്കിയത് സംബന്ധിച്ച് വ്യക്തമായ രേഖകൾ പുറത്തുവരികയും സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം കൂടി ഉണ്ടായാൽ പോരാട്ടവേദി നേതൃത്വം ഹർത്താലിൽ നിന്ന് പിന്മാറാനാണ് സാധ്യത.
2017ൽ സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായിരിക്കെ പി പ്രസാദ് പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണലിൽ നൽകിയ ഹർജിയെ ചൊല്ലിയാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്. ഇടുക്കിയിലെ നാല് താലൂക്കുകൾ ഇഎസ്‌ഐ മേഖലയാക്കണമെന്നും വന്യമൃഗ സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 10 കിലോമീറ്റർ ദൂരം ബഫർ സോൺ വേണമെന്നുമാണ് ഹർജിയിലെ ആവശ്യമെന്നാണ് ആരോപണം.
എന്നാൽ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കണം എന്ന ഉദേശ്യത്തോടെ മാത്രമാണ് അന്ന് ഹർജി നൽകിയതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സിപിഎം ജില്ല നേതൃത്വം പി പ്രസാദിനെ തള്ളി രംഗത്തെത്തിയിരുന്നു. പ്രസാദിന്‍റെ നിലപാടിനോട് ഒരു ശതമാനം പോലും യോജിപ്പില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി സി.വി വർഗീസ് വ്യക്തമാക്കി.