ഇടുക്കി: അര്‍ഹരായ ആളുകള്‍ക്ക് മുഴുവന്‍ അതിവേഗം പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. 100 ദിനങ്ങള്‍ 200 പദ്ധതികള്‍ എന്ന ലക്ഷ്യത്തിലാണ് വകുപ്പിന്‍റെ പ്രവര്‍ത്തനം. ഇടുക്കി ജില്ലയില്‍ 100 ദിവസത്തിനുള്ളില്‍ നാലായിരം പട്ടയം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ സങ്കീര്‍ണമാകുന്ന ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ആവശ്യമെങ്കില്‍ പുതിയ ചട്ടങ്ങളിലും, നിയമത്തിലും ഭേദഗതി വരുത്തണോയെന്ന് ആലോചിച്ചു തീരുമാനമെടുക്കും.
കൂടാതെ ഡാമുകളോട് അനുബന്ധിച്ചുള്ള 3 ചെയിൻ പോലെയുള്ള പ്രാദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മാര്‍ച്ച് പത്തിന് വൈദ്യുതി മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് സംയുക്തമായൊരു ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളും.
ആദിവാസികളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പരിശോധനയ്ക്ക് ജീവനക്കാരെ നിയോഗിക്കും. അര്‍ഹരായവര്‍ക്ക് അതിവേഗം ഭൂമി കണ്ടെത്തി നല്‍കും. ഇടുക്കി ജില്ലയില്‍ 100 ദിവസത്തിനുള്ളില്‍ നാലായിരം പട്ടയം നല്‍കും. ജനകീയ സമിതി രൂപീകരിച്ച് വില്ലേജ് ഓഫീസുകളിലെ ജനാധിപത്യ വത്കരണം ചരിത്രപരമായ മുന്നേറ്റമാണ് കൊണ്ട് വരികയെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിന്‍റെ 10 ചെയിൻ പ്രദേശത്തെ കട്ടപ്പന ടൗണ്‍ഷിപ്പ്, പൊന്‍മുടി 10 ചെയിൻ , വാത്തിക്കുടി, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കല്ലാര്‍കുട്ടി, ചെങ്കുളം, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലെ ഭൂമി പ്രശ്ന പരിഹാരവും മന്ത്രി പങ്കെടുത്ത യോഗത്തില്‍ അവലോകനം ചെയ്തു.
also read: ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ തലയ്ക്കടിയേറ്റയാൾ മരിച്ചു
കേരളത്തില്‍ 200 വില്ലേജുകളില്‍ ഒരേ സമയം ഡിജിറ്റല്‍ റീ സര്‍വ്വെയെന്ന ചരിത്രപരമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കേരളത്തില്‍ 1550 വില്ലേജുകളില്‍ നാലു വര്‍ഷത്തിനകം ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കും മന്ത്രി പറഞ്ഞു.