ഇടുക്കി: കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മിനി ഹൈമാറ്റ്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഗ്രാമീണ മേഖലകളിലെ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. രാത്രികാലങ്ങളില്‍ ഗ്രാമീണ കവലകള്‍ ഇരുട്ടിലാകുന്നത് വലിയ അപകട സാധ്യതയാണ് ഉയര്‍ത്തിയിരുന്നത്. കാല്‍ നടയാത്രികര്‍ക്കും കവലകളിലെ സ്ഥാപനങ്ങള്‍ക്കും ഇടവഴികളിലൂടെ കടന്ന് വരുന്ന വാഹനങ്ങള്‍ക്കും വെളിച്ച കുറവ് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കമ്പംമെട്ട്, കൂട്ടാര്‍ തുടങ്ങിയ പഞ്ചായത്തിലെ പ്രധാന അഞ്ച് കേന്ദ്രങ്ങളില്‍ മുന്‍പ് ഹൈമാറ്റ്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഒന്‍പത് കേന്ദ്രങ്ങളില്‍ മിനി ഹൈമാറ്റ്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവുവെച്ചതില്‍ നിര്‍വ്വഹിച്ചു.
നിരപ്പേല്‍കട, ചേറ്റുകുഴി, അച്ചക്കട, വയലാര്‍ നഗര്‍ എന്നീ നാല് കവലകളിലെ ഹൈമാറ്റ്‌സ് ലൈറ്റുകളുടെ ഉദ്‌ഘാടനമാണ് നടന്നത്. അടുത്ത ദിവസങ്ങളില്‍ തുടര്‍ന്നുള്ള അഞ്ച് മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാറ്റ്‌സ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. വിവിധ യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ കുഞ്ഞുമോന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേണുകാ ഗോപാലകൃഷ്ണന്‍, സേവ്യര്‍ ജോണ്‍ പള്ളിപ്പറമ്പില്‍, രഞ്ജു ബിജു, സി.എം ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മേരികുട്ടി ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷൈജന്‍ ജോര്‍ജ്, വ്യാപാരി വ്യവസായി ചേറ്റുകുഴി യൂണിറ്റ് പ്രസിഡന്‍റ് ഔസേപ്പച്ചന്‍ ചേറ്റുകുഴിയില്‍, റോയി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.