ഇടുക്കി: ദുരന്ത നിവാരണ സേനകൾക്ക് സഹായഹസ്തവുമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഴ്സി കോർപ് ഇന്ത്യ. കട്ടപ്പനയിൽ നടന്ന 'ജനകീയം ഈ അതിജീവനം' എന്ന സാമൂഹിക സംഗമ വേദിയിൽ 10 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് ഫയർ ആന്റ് റെസ്ക്യു വിഭാഗത്തിനും പൊലീസിനും മേഴ്‌സി കോര്‍പ് കൈമാറിയത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ സുരക്ഷ ഉപകരണങ്ങളുടെ കുറവ് ജില്ലയിലെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.
ലൈഫ് ജാക്കറ്റ്, റെയിൻ കോട്ട്, ഹെൽമെറ്റ്, ജനറേറ്റർ, പ്രൊജക്ടർ, മെഗാ ഫോൺ, ഫ്ലാഷ് ലൈറ്റുകൾ, സോളാർ പാനൽ, നൈലോൺ റോപ്പുകൾ, പ്രാഥമിക സുരക്ഷ മരുന്നുകൾ, മാഗ്നറ്റിക് വൈറ്റ് ബോർഡ്, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പ്രിന്‍റർ തുടങ്ങിയ അത്യാധുനിക രക്ഷാ ഉപകരണങ്ങളാണ് ജില്ലാ കലക്‌ടർക്ക് മേഴ്‌സി കോർപ് ഇന്ത്യ കൈമാറിയത്. സംഘടനയുടെ ദുരന്ത ലഘുകരണ ഫണ്ട് ജില്ലയിലെ സുരക്ഷാ സേനകൾക്ക് ഉപകരണങ്ങൾ വാങ്ങാൻ വിനിയോഗിക്കുകയായിരുന്നു. ചടങ്ങിൽ മേഴ്സി കോർപ് പ്രവർത്തകരെ ആദരിച്ചു.