ഇടുക്കി: അഞ്ച് തലമുറയുടെ മുത്തശ്ശിയാണ് മേമാരി ഊരാളി ആദിവാസികുടിയിലെ നീലി കൊലുമ്പന്‍. പ്രായം 106 പിന്നിട്ടെങ്കിലും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നീലി മുത്തശ്ശി ഇപ്പോഴും ചെറുപ്പക്കാരിയാണ്.
രേഖകൾ പ്രകാരം മുത്തശ്ശിയുടെ പ്രായം 106 ആണെങ്കിലും തനിക്ക് 115ലധികം പ്രായമുണ്ടെന്ന് നീലി മുത്തശ്ശി പറയുന്നു. പ്രായാധിക്യത്താലുള്ള അവശതകള്‍ അല്ലാതെ നീലി മുത്തശ്ശിയ്ക്ക് കാര്യമായ മറ്റ് അസുഖങ്ങളൊന്നുമില്ല. മേമാരി വന മേഖലയിലൂടെ വടിയും കുത്തി മുത്തശ്ശി നടക്കും. കാഴ്‌ചയ്ക്കും സംസാരശേഷിയ്ക്കുമൊന്നും യാതൊരു പ്രശ്‌നവും ഇല്ല.
1967ല്‍ ഇടുക്കി പദ്ധതിയ്ക്കായി ഊരാളി വിഭാഗത്തില്‍പ്പെട്ടവരെ കുടിയിറക്കിയതോടെയാണ് നീലിയും ഭര്‍ത്താവ് കൊലുമ്പനും ഉള്‍പ്പെടെ 80ഓളം കുടുംബങ്ങള്‍ മേമാരിയില്‍ എത്തിയത്. നീലിയുടെ മൂത്ത സഹോദരന്‍ കണ്ടന്‍ കുമാരന്‍ കാണിയുടെ നേതൃത്വത്തിലാണ് വനം വെട്ടി തെളിച്ചത്. കണ്ടന്‍ കുമാരന്‍ 120-ാമത്തെ വയസിലാണ് മരണപ്പെട്ടത്. നീലിയുടെ ഭര്‍ത്താവ് കൊലുമ്പനും മരണമടഞ്ഞു. നാല് മക്കളില്‍ മൂത്ത രണ്ട് പേരും മരിച്ചു.
ഊരാളികുടിയിലെ നിരവധി അമ്മമാരുടെ പ്രസവം നടത്തിയതും നീലിയാണ്. നീലിയുടെ കൈകളിലേയ്ക്ക് കുടിനിവാസികളായ നിരവധി പേരാണ് പിറന്ന് വീണത്. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപെട്ടാല്‍ പച്ചമരുന്നുകളെയാണ് നീലി ആശ്രയിക്കുന്നത്. ഔഷധ സസ്യങ്ങളെല്ലാം ഇവര്‍ക്ക് മനപാഠമാണ്.
ഇംഗ്ലീഷ് മരുന്നുകളോട് താത്പര്യം ഇല്ലെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ മുത്തശ്ശി തയാറായി. കോണ്‍ക്രീറ്റ് വീടുകള്‍ കുടിയില്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴും പുല്‍കുടിലിലും ഏറുമാടങ്ങളിലും താമസിക്കാനാണ് നീലി മുത്തശ്ശിക്ക് ഇഷ്‌ടം. പുകയില മുറുക്കാണ് ഹോബി. ചുട്ട കാട്ടുകിഴങ്ങുകളും തേനുമാണ് മുത്തശ്ശിയുടെ ഇഷ്‌ട ഭക്ഷണം.