ഇടുക്കി : ഇടുക്കിയിൽ പെൺസുഹൃത്തിനെ എംഡിഎംഎ കേസിൽ കുടുക്കാൻ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയനാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന പെൺസുഹൃത്തിനെയാണ് ഇയാൾ കേസിൽ കുടുക്കാൻ ശ്രമിച്ചത്. പെൺസുഹൃത്തിനെ കുടുക്കാനായി അവരുടെ പേഴ്‌സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ഇയാൾ എക്‌സൈസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് എക്‌സൈസ് സംഘം ലോഡ്‌ജിലെത്തുകയും സ്‌ത്രീയുടെ പേഴ്‌സിൽ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്‌തു.
എന്നാൽ എക്‌സൈസിന് വിവരം നൽകിയ ആളുടെയും യുവതിയുടെ ആൺസുഹൃത്തിന്‍റെയും നമ്പർ ഒന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്ത് യുവതിയെ കുടുക്കാനായി ചെയ്‌തതാണെന്ന് കണ്ടെത്തിയത്. പിന്നാലെ സ്ത്രീയെ കൊണ്ട് ഇയാളെ വിളിച്ചുവരുത്തുകയും പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്‌തു.
സംഭവം ഇങ്ങനെ : യുവതി ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.
കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്‌ച രാത്രിയിലാണ് യുവതിയുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടർന്ന് ലോഡ്‌ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നതുൾപ്പെടെ കല്യാണത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
എന്നാൽ പിന്നീട് യുവതിയുടെ പേഴ്‌സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്‌ജ് മുറിയിൽ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ആലുവയിൽ കഞ്ചാവ് വേട്ട, നാല് പേർ പിടിയിൽ : ആലുവയിൽ പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെ നാല് പേർ പിടിയിൽ. ഏഴരക്കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ ദുർഗാപ്രസാദ് ഗാവിൽ ചന്ദൻ നായിക്ക് (35), ഉദയഗിരി ഗാവിൽ നിരാണെ(45), മന്ദാകിനി (35) പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ഒഡിഷ സ്വദേശികളായ ഇവർ തിരുപ്പതിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.
ഇവർ മയക്കുമരുന്ന് കാരിയർമാരാണെന്ന് സംശയിക്കുന്നു. എല്ലാവരുടെയും ബാഗുകളിൽ ചെറിയ പൊതികളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ എത്തിയാൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇവർ ട്രെയിൻ മാറി കയറിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കഞ്ചാവ് പെരുമ്പാവൂരിൽ എത്തിക്കാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. സൗത്ത് വാഴക്കുളം പോസ്റ്റോഫിസ് ജങ്‌ഷനിലെ വീട്ടിൽ നിന്നും 26 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ഈ കേസിൽ അജ്‌മൽ, മുഹമ്മദ് അസ്ലം, മുഹമ്മദ് ജാഷിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് ജാഷിന്‍റെ പക്കൽ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു.
ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. ഈ യുവാക്കൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ഉപഭോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ ചേർന്നുള്ള പരിശോധന തുടരുകയായിരുന്നു.
ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്, തടിയിട്ട പറമ്പ് പൊലീസ്, ആലുവ പൊലീസ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇൻസ്പെക്‌ടർമാരായ എം എം മഞ്ജു ദാസ്, വി എം കേഴ്‌സൻ, എസ്ഐമാരായ പി ടി ലിജിമോൾ, വി എം റാസിഖ്, കെ ഉണ്ണികൃഷ്‌ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.