ഇടുക്കി: ഇന്ത്യയില്‍ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് സ്വതന്ത്രമായി നിര്‍മ്മിച്ച ചെറുകിട ജലവൈദ്യുതി പദ്ധതിയായ മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം അവതാളത്തില്‍. ട്രാൻസ്‌ഫോർമർ തകരാറിലായത് അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് തയ്യാറാവാത്തതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം.
മാങ്കുളം ജലവൈദ്യുത പദ്ധതി
പ്രതിവര്‍ഷം 100 കിലോ വാട്ട് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് മാങ്കുളം ജലവൈദ്യുത പദ്ധതി. ഒരു വര്‍ഷം പത്തു ലക്ഷം രൂപ വരുമാനമുണ്ടായിരുന്നു. 1 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്. കൂടാതെ 300 ഗുണഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃവിഹിതവും ഈടാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ALSO READ: കച്ചവടമാകുന്ന കല്യാണം : വനിത കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തത് 1096 സ്ത്രീധന പീഡന കേസുകൾ
ട്രാൻസ്‌ഫോർമർ തകരാറില്‍, ഇനിയും പരിഹാരമില്ല
2004-ല്‍ കമ്മിഷന്‍ ചെയ്ത പദ്ധതി ട്രാന്‍സ്‌ഫോർമര്‍ തകരാറിലായത് കാരണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. പവര്‍ഹൗസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പുതിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നെണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രദേശവാസികളായ രണ്ടുപേര്‍ക്ക് ഇവിടെ സ്ഥിരമായി ജോലിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാതായി. അതോടെ രാജ്യത്തിന് മാതൃകയായി പ്രവര്‍ത്തനം ആരംഭിച്ച മാങ്കുളം ചെറുകിട ജലവൈദ്യുതി പദ്ധതി പെരുവഴിയിലായി.