ഇടുക്കി: മംഗളാദേവി ചിത്രപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താണ് തീരുമാനം. ഇടുക്കി ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജിന്റേയും തേനി ജില്ല കലക്‌ടര്‍ കെവി മുരളീധരയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 16 നാണ് ഉല്‍സവം.
വനത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിസ്ഥിതി സൗഹാര്‍ദമായി ഭക്തരുടെ സുരക്ഷയ്‌ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാകും പ്രദേശത്ത് നടപ്പിലാക്കുകയെന്ന് സംയുക്ത യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഉല്‍സവം ഉപേക്ഷിക്കുകയായിരുന്നു.
സംയുക്‌ത യോഗത്തിലെ തീരുമനങ്ങള്‍
ഏപ്രില്‍ 16ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സംഘാടകരായ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രത്തിലേക്ക് കുമളിയില്‍ നിന്ന് പ്രവേശനം നല്‍കും. നാലു മണിമുതല്‍ അഞ്ചു മണി വരെയുള്ള സമയത്തു പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കും. അഞ്ചു മുതല്‍ ആറു വരെയുള്ള സമയത്ത് അനുമതിയുള്ള 6 ട്രാക്‌ടറുകളിലായി ഭക്ഷണം കയറ്റിവിടും.
ഓരോ ട്രാക്‌ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്‌ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും.
വൈകിട്ടു അഞ്ചു മണിക്കുശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയില്‍ ആരും ഉണ്ടാകാന്‍ പാടുള്ളതല്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം.
ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് പ്രവേശിപ്പിക്കില്ല. ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവ അനുവദിക്കില്ല.
ഒന്നാം ഗേറ്റിലും ക്ഷേത്ര പരിസരത്തും കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത അലങ്കാര വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടില്ല. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍ ലൗഡ് സ്‌പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളിലെയും ഉത്സവ കമ്മിറ്റിക്ക് മൂന്ന് വീതം പൊങ്കാല മാത്രം അനുവദിക്കും. പ്രവേശന സ്ഥലത്തും മലമുകളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ ടീമിന്റെ സേവനം ഉണ്ടായിരിക്കും.
മലയാളത്തിലും തമിഴിലും ദിശസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹെല്‍പ്പ് ഡെസ്‌ക് സേവനവും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. കാനനപാതയില്‍ ശുദ്ധജല വിതരണ കിയോസ്‌കുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്റെ സഹകരണതോടെ മാലിന്യങ്ങള്‍ നീക്കി ശുചിയാക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കാരണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം.
മാധ്യമപ്രവ്രര്‍ത്തകര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍
പാസ് ഉപയോഗിച്ചുള്ള പ്രവോശനം രാവിലെ ആറ് മണിമുതല്‍. ഇരു സംസ്ഥാനങ്ങളിലേയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായിരിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് വിതരണം ചെയ്യുന്നത്. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ക്ഷേത്രത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഏപ്രില്‍ 13നകം ആര്‍ടിഒയ്‌ക്ക് അപേക്ഷ നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഏപ്രില്‍ 15നകം ഡ്രൈവര്‍ വെഹിക്കിള്‍ പാസ്സ് നേടിയിരിക്കണം.
വാഹനപരിശോധന ചെക്ക്‌പോസ്‌റ്റുകള്‍
കുമളി ബസ് സ്റ്റാന്‍ഡ്, അമലാംബിക സ്‌കൂള്‍, കൊക്കറകണ്ടം.