ഇടുക്കി: അടിമാലിയിലെ മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയയാള്‍ പൊലീസ് പിടിയിൽ. മങ്കുവ സ്വദേശിയായ ഒഴുകയില്‍ ഷൈസിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അടിമാലി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന മലഞ്ചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
മോഷണ മുതല്‍ ഇയാള്‍ മുരിക്കാശ്ശേരിയിലെ കടയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. സംശയം തോന്നിയ കട ഉടമ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയും അടിമാലി ഒഴുവത്തടത്തെ ഭാര്യ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു മച്ചിപ്ലാവ് സ്വദേശികളുടെ ഉടമസ്ഥതയില്‍ ഉള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നത്.