ഇടുക്കി: മഴ ശക്തമായതോടെ മലങ്കര അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഉയർത്തി. ആറ് ഷട്ടറുകൾ 30 സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 42 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. നിലവിൽ 38.86 മീറ്ററിൽ ജലനിരപ്പുണ്ട്. വൃഷ്‌ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ തോടുകളും പുഴകളും നിറഞ്ഞൊഴുകി മലങ്കര ഡാമിലേക്കാണ് എത്തുന്നത്. ഇത് കൂടാതെ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളവും എത്തുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ജലനിരപ്പ് പരമാവധിയായ ശേഷമാണ് വെള്ളം തുറന്ന് വിട്ടത്. ഇത് തൊടുപുഴ, മൂവാറ്റുപുഴ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ജലനിരപ്പ് ഉയരുന്നതിനിടയാക്കി. ഇതൊഴിവാക്കാൻ കഴിഞ്ഞ രണ്ട് മാസമായി മലങ്കര ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുകയാണ്. മൂവാറ്റുപുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് ) അധികൃതര്‍ അറിയിച്ചു.