ഇടുക്കി: അടിമാലി മേഖലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്‍റ് ഷേര്‍ളി ജോസഫ് രംഗത്ത്. താനുള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ഷേര്‍ളി ജോസഫ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നും ഷേര്‍ളി ജോസഫ് പറഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാപഞ്ചായത്തിലേക്കുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയുകയും സ്ഥാനാര്‍ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഷേര്‍ളി ജോസഫ് രംഗത്തെത്തിയിട്ടുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയ കമ്മറ്റിയില്‍ പുരുഷാധിപത്യമാണെന്ന ആരോപണവും ഷേര്‍ളി ജോസഫ് ഉന്നയിച്ചു. പുരുഷാധിപത്യം മൂലം അര്‍ഹരായ പലര്‍ക്കും മത്സരിക്കുവാന്‍ സീറ്റുകള്‍ ലഭിക്കുന്നില്ല. കൊടി പിടിക്കാനും സമരത്തിനിറങ്ങാനും മാത്രമായി മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ കമ്മറ്റിയില്‍ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ പങ്കെടുപ്പിക്കണമെന്ന കെ.പി.സി.സിയുടെ സര്‍ക്കുലര്‍ ഉണ്ടായിരുന്നെങ്കിലും അതിന് വിരുദ്ധമായാണ് അടിമാലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചതെന്നും ഷേര്‍ളി ജോസഫ് ആരോപിച്ചു.