ഇടുക്കി: പഴയ പ്രതാപകാലത്തിന്‍റെ ഓർമകൾക്കായി വീഡിയോ കാസറ്റുകളുടെ വലിയ ശേഖരം ഇന്നും സൂക്ഷിക്കുകയാണ് രാജാക്കാട് സ്വദേശിയായ മഹേഷ്. ഒരുകാലത്ത് മഹേഷിന്‍റെ പ്രധാന വരുമാനം കൂടിയായിരുന്നു ഈ കാസറ്റുകള്‍. സാങ്കേതിക വിദ്യകൾ ആധുനിക ലോകത്തില്‍ അനുദിനം വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ചു. വികസന മുന്നേറ്റത്തില്‍ പലതും പഴയ കാലത്തിന്‍റെ ഓർമകളായി അവശേഷിക്കുകയാണ്.
അത്തരം ഓർമകളില്‍ ഒന്നാണ് രാജാക്കാട് കൃഷ്‌ണവിലാസം മഹേഷിന്‍റെ ഓഫിസ് മുറിയിലെ അലമാരയില്‍ ഇന്നും നിരന്നിരിക്കുന്നത്. മനുഷ്യനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന കലയായ സിനിമയെ വീടുകളിലെ സ്വീകരണ മുറികളിലേയ്ക്ക് എത്തിച്ചിരുന്നത് ഈ കാസറ്റുകളാണ്. ടെലിവിഷനുകളിൽ ചാനലുകളുടെ അതിപ്രസരമില്ലാതിരുന്ന കാലത്ത് എല്ലാവരും ആശ്രയിച്ചിരുന്നത് വിസിപിയും, വിസിആറും, വീഡിയോ കാസറ്റുകളുമാണ്. അതുകൊണ്ട് തന്നെ ഇവ വാടകയ്ക്ക് നല്‍കി വരുമാനം കണ്ടെത്തുന്നതിനായി പുതിയതായി ഇറങ്ങുന്ന സിനിമകളുടെ വീഡിയോ കാസറ്റുകൾ മഹേഷ് വാങ്ങി കൂട്ടി.
ഒരിടവേളയ്‌ക്ക് ശേഷം വീഡിയോ കാസറ്റുകള്‍ക്ക് പകരം സി.ഡികൾ പുറത്തിങ്ങിയതോടെ ഇവ ഒരു പ്രതാപകാലത്തിന്‍റെ ഓർമയായി അലമാരിയില്‍ ഒതുങ്ങി. ഇതോടെ രാജാക്കാട്ടില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടച്ച് പൂട്ടുകയും വീഡിയോ കാസറ്റുകള്‍ വിൽക്കുകയും ചെയ്‌തു. എന്നാൽ ഒരു കാലഘട്ടത്തിൽ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ കാസറ്റുകൾ ഒഴിവാക്കാൻ മഹേഷ് ഇപ്പോഴും തയ്യാറല്ല.