ഇടുക്കി: ലോക്ക്‌ഡൗണിൽ ദുരിതത്തിലായവരുടെ പട്ടിക തയ്യാറാക്കുവാൻ ലോക്കൽ-ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികൾ രൂപീകരിച്ച് നെടുങ്കണ്ടത്തെ സിപിഎം പ്രവർത്തകർ. ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഓരോ ലോക്കൽ കമ്മിറ്റികളിലും പ്രത്യേക സമിതികൾ പ്രവർത്തിക്കും. പ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാകും.
ലിസ്റ്റിൽ ഉള്ള മുഴുവൻ ആളുകൾക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ സഹായമെത്തിക്കാനാണ് തീരുമാനം. സിപിഎം ബാലഗ്രാം, മുണ്ടിയെരുമ, പാമ്പാടുംപാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൂക്കുപാലം മേഖലയിൽ 1200 കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കേണ്ടതായി കണ്ടെത്തി. ഇവർക്ക് ആവശ്യമായ ഭക്ഷ്യ ധാന്യ പച്ചക്കറി കിറ്റുകൾ അടക്കമുള്ള സഹായം പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിച്ചു നൽകി.
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവക്കൊപ്പം കുട്ടികൾക്കുള്ള പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്‌തുക്കളും അടക്കമുള്ള കിറ്റുകളാണ് വിതരണം ചെയ്‌തത്. ലോക്ക്ഡൗണിൽ പണി ഇല്ലാതായ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ കുടുംബങ്ങൾക്കും പ്രത്യേക സഹായങ്ങൾ എത്തിക്കുന്നുണ്ട്.