ഇടുക്കി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും ഇവ തുറന്ന് പ്രവർത്തിപ്പിക്കുവാനുള്ള നടപടി ഉണ്ടാകണമെന്നും ഈ മേഖലയിലുള്ളവർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഒരു മാസത്തിലേറെയായി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞുകിടക്കുകയാണ്. വനിതകൾ അടക്കം ഈ മേഖലയിൽ ഉള്ളവർ ജോലി ഇല്ലാതെ കഷ്‌ടത അനുഭവിക്കുന്ന സാഹചര്യമാണുള്ളത്.
ലോക്ക്ഡൗണിന്‍റെ ഒരു ഘട്ടത്തിലും ഇവർക്ക് ഇളവുകൾ അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരങ്ങൾ ദുരിതത്തിലാണ്. കഴിഞ്ഞ ലോക്ക്ഡൗണിലും സ്ഥിതി സമാനമായിരുന്നു.
ALSO READ: കടല്‍ക്കൊല കേസ്; പത്ത് കോടി നഷ്ടപരിഹാരം നൽകി ഇറ്റാലിയന്‍ സർക്കാർ
സർക്കാർ അനുവാദം നൽകിയാൽ കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം പ്രവർത്തിച്ച മാതൃകയിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് പ്രവർത്തിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
ആളുകളുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യമുള്ളതിനാൽ വാക്‌സിൻ മുൻഗണന പട്ടികയിൽ ബാർബർമാരെയും ഉൾപ്പെടുത്തണമെന്ന ആവശ്യവും അസോസിയേഷൻ മുന്നോട്ട് വെച്ചു.