ഇടുക്കി: കൊവിഡ് മനുഷ്യരാശിക്ക് നാശം വിതച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്ന ചിലതുണ്ട്. മനുഷ്യന്‍റെ ഇടപെടൽ മൂലം നശിച്ചുകൊണ്ടിരുന്ന പുഴകളാണ് ഈ ലോക്ക് ഡൗണിൽ പുനർജനിക്കുന്നത്. കയ്യേറ്റം ചെയ്‌തും മാലിന്യം നിറച്ചും നാശത്തെ നേരിട്ടിരുന്ന പന്നിയാർ പുഴ ഇന്ന് ശുദ്ധമായി ഒഴുകുകയാണ്.
ഹൈറേഞ്ചിലെ പ്രധാന കാര്‍ഷിക മേഖലയായ ശാന്തൻപാറ, സേനാപതി, രാജകുമാരി, രാജാക്കാട് തുടങ്ങിയ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് പന്നിയാര്‍ പുഴ. വർഷങ്ങളായി ഇവിടെ കയ്യേറ്റവും മാലിന്യവും തുടരുകയായിരുന്നു. പൂപ്പാറയിലെ പല കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് പന്നിയാര്‍ പുഴ കയ്യേറിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും മലിന ജലം ഒഴുക്കി വിടുന്ന പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത് പുഴയിലേക്കാണ്. ലോക്ക് ഡൗണിൽ പൂപ്പാറയിലെ വ്യപാരസ്ഥാപനങ്ങൾ പൂര്‍ണമായി അടഞ്ഞതോടെ പന്നിയാര്‍ പുഴയും മാലിന്യമുക്തമായി. ലോക്ക് ഡൗണിന് ശേഷവും പുഴയെ മലിനരഹിതമായി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മുന്നോട്ടുവെക്കുന്നത്.