ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ആനക്കുളത്തേക്കുള്ള പാത തകര്‍ന്ന് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയാകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കാട്ടാനകളെ അടുത്തുകാണുന്നതിനും സാഹസിക സവാരിക്കുമെല്ലാം പേരുകേട്ട ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ആനക്കുളം. ഇതര വിനോദ സഞ്ചാര മേഖലകളെ അപേക്ഷിച്ച് ആനക്കുളം സഞ്ചാരികള്‍ക്കേറെ പ്രിയങ്കരമാണെങ്കിലും ഗതാഗതയോഗ്യമായ റോഡില്ലാത്തത് ആനക്കുളത്തിന്റെ വിനോദ സഞ്ചാരത്തിന് തിരിച്ചടിയാകുന്നു.
മാങ്കുളത്ത് നിന്നും ആനക്കുളം വരെയുള്ള പാത പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത് വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. ഓരോ വര്‍ഷവും കൃത്യമായ രീതിയില്‍ റീടാറിങ് ജോലികള്‍ നടത്താത്തതാണ് റോഡ് ഇത്രത്തോളം തകരാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്‍റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ആനക്കുളത്തേക്ക് ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചു. ഗതാഗത സൗകര്യം അപ്രാപ്യമായതോടെ പലരും ആനക്കുളത്ത് നിന്നും ഇതരമേഖലകളിലേക്ക് താമസം മാറുകയാണ്.