ഇടുക്കി: കുമളി- മൂന്നാർ സംസ്ഥാനപാതയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി വന്‍ മരത്തിന്‍റെ ശിഖരങ്ങൾ. പലവട്ടം പരാതിപെട്ടിട്ടും മുറിച്ചു മാറ്റുവാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. നെടുങ്കണ്ടം കല്ലാറിൽ ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വലിയ വാകമരമാണ് അപകടഭീഷണി ഉയർത്തുന്നത്. സംസ്ഥാനപാതയുടെ അരികത്തായി റോഡിലേക്ക് ചാഞ്ഞ നിലയിലാണ് മരം. മരത്തിന് അരികിലൂടെ 11 കെവി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വൈദ്യുതി ലൈനിൽ മുട്ടിയാണ് മരത്തിന്‍റെ ചില്ലകൾ നിൽക്കുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പേ മരത്തിന്‍റെ ശിഖരങ്ങളെങ്കിലും മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read more: ETV IMPACT: ഇടുക്കിയില്‍ അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റി തുടങ്ങി
പലതവണ പഞ്ചായത്ത് അധികൃതർക്ക് അപേക്ഷയും പരാതികളും നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന തരത്തിൽ മരം നിൽക്കുന്നത്. മുമ്പ് മരത്തിന്‍റെ ചില്ലകൾ റോഡിലേക്ക് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന കലക്ടറുടെ ഉത്തരവിന് പുല്ലുവിലയാണ് അധികൃതർ നൽകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Also read: തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി