ഇടുക്കി: ആനച്ചാൽ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ജനങ്ങൾ ഭീതിയിലാണ്. ഈ ഭീതി മുതലെടുത്ത് പ്രദേശത്ത് മോഷണം വ്യാപകമാക്കുകയാണ് സംഘം. ചിത്തിരപുരം പവര്‍ ഹൗസ്, കുഞ്ചിത്തണ്ണി, ഇരുപതേക്കര്‍, പൊട്ടന്‍കാട് ഭാഗങ്ങളിലെ വിവിധ ദേവാലയങ്ങളുടെയും കപ്പേളകളുടെയും ക്ഷേത്രങ്ങളുടെയും ഭണ്ഡാരങ്ങള്‍ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണസംഘം കുത്തിപ്പൊളിച്ച് പണം കവർന്നു.
രാവിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണ വിവരം നാട്ടുകാർ അറിയുന്നത്. കഴിഞ്ഞ രാത്രിയില്‍ ആറ് ഇടങ്ങളിലാണ് സമാന രീതിയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയിട്ടുള്ളത്. പുലിയുടെ സാന്നിധ്യമുണ്ടയതോടെ സന്ധ്യമയങ്ങിയാൽ നാൽകവലകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ആളൊഴിഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്.
പുലിപ്പേടിയുടെ മറവിൽ ജനങ്ങൾ നേരത്തെ വീട് അണയുന്നത് മോഷണസംഘം മുതലാക്കുകയാണ്. പ്രദേശത്ത് മോഷണം വ്യാപകമാകുകയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്‌തതോടെ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വന്യമൃഗ ഭയത്തിനൊപ്പം തസ്‌ക്കര ശല്യംകൂടി വർധിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.
Also read: മൂന്നാറില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യം: സംശയ വാദങ്ങളുമായി നാട്ടുകാർ