ഇടുക്കി: ക്വിന്‍റല്‍ കണക്കിന് കഞ്ചാവാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വിമുക്തി - തൊണ്ണൂറ് ദിന തീവ്രയഞ്‌ജ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളില്‍ നക്‌സലുകളുടെ സഹായത്തോടെയാണ് ലഹരി വസ്‌തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വിപണനത്തിനും ഉപയോഗത്തിനും തടയിടുവാൻ കർശന നടപടികൾക്കൊപ്പം ബോധവല്‍ക്കരണ പരിപാടിയും വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. മത്സരത്തിലെ വിജയികൾക്ക് മന്ത്രി ക്യാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു. മദ്യത്തിൽ നിന്നും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എക്സൈസ് വകുപ്പിന്‍റ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് തൊണ്ണൂറ് ദിന തീവ്രയഞ്ജ ബോധവത്ക്കരണത്തോടനുബന്ധിച്ച് ക്വസ് മത്സരവും, ചിത്രരചനാ മത്സരവും കട്ടപ്പനയിൽ നടത്തിയത്.