ഇടുക്കി: മുട്ടുകാട് ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞ് ഏക്കര്‍ കണക്കിന് കൃഷിയിടം നശിച്ചു. പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മുട്ടുകാട് ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്. പതിറ്റാണ്ടുകളായി കുന്നില്‍ ചെരുവില്‍ അധ്വാനിച്ചുണ്ടാക്കിയ കൃഷി ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മുട്ടുകാട് നിവാസികള്‍.
മണ്ണിടിച്ചിലില്‍ പത്ത് കിലോമീറ്ററോളം താഴേയ്‌ക്കുള്ള കൃഷിയിങ്ങള്‍ പാടേ തകര്‍ന്നു. വന്‍സ്‌ഫോടന ശബ്‌ദത്തോടെ നാല് തവണ ഉരുള്‍പൊട്ടലുണ്ടായി. മുകളില്‍ നിന്നും വന്‍പാറകല്ലുകളും ചെളിയും വന്മരങ്ങളും ഒഴുകിയെത്തി. അടിവാരത്തുണ്ടായിരുന്ന വീടും ഭാഗികമായി തകര്‍ന്നു. തോട് ഗതിമാറി ഒഴുകിയതാണ് വീട് തകരാന്‍ കാരണം. ഉരുള്‍പൊട്ടലുണ്ടായിട്ടും ഇതുവരെ സര്‍ക്കാരോ അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.