ഇടുക്കി: ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ചിന്നക്കനാലിലെ ആദിവാസി ഭൂമി വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം. അര്‍ഹതപെട്ടവരെ കണ്ടെത്തി പരിശോധന നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും ഇതിനായുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പദ്ധതി പ്രകാരം ചിന്നക്കനാലിലെ വിവിധ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ കാട്ടാന ശല്യവും മറ്റ് പലവിധ കാരണങ്ങളും കൊണ്ട് നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും താമസം മാറിപ്പോയി. തുടര്‍ന്ന് പ്രദേശം കയ്യേറ്റക്കാരുടെ കൈകളില്‍ എത്തിപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് ഭൂമി വിതരണം നിലച്ചത്.
ഇതിനെതിരെ പരാതികളും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തിലാണ് വേണ്ട പരിശോധന നടത്തി അര്‍ഹരായവരെ കണ്ടെത്തി പട്ടയം നല്‍കുന്നതിനും അനര്‍ഹരുടെ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതില്‍ വിശദ പഠനം നടത്തിവരുകയാണെന്നും നടപടികളിലേക്ക് കടക്കുന്നതോടെ മേഖലയിലെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.