ഇടുക്കി: സംസ്ഥാനത്ത് ജലാശയങ്ങളും വെള്ളക്കെട്ടുകളും അധികമുള്ള ജില്ലകളില്‍ ഒന്നാണ് ഇടുക്കി. കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് ദിവസം തോറും ഇടുക്കിയുടെ ഭൂപ്രകൃതി ആസ്വദിക്കാനെത്തുന്നത്. ദൂരെ ദിക്കുകളില്‍ നിന്നെത്തുന്നവരായത് കൊണ്ട് തന്നെ ജലാശയങ്ങളുടെ ഒഴുക്കിനെ കുറിച്ചോ ആഴത്തെ കുറിച്ചോ സഞ്ചാരികള്‍ക്ക് അറിവുണ്ടാകണമെന്നില്ല.
അതുകൊണ്ട് ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ അപകടങ്ങള്‍ ഏറെ സംഭവിക്കുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലെന്നത് ഏറെ ഖേദകരമാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 22 പേരാണ് ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നതും ശ്രദ്ധേയം.
അണക്കെട്ടുകളും തോടുകളും പുഴകളുമുള്ള ഇവിടെ മലയോര മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകടം ഉണ്ടായാൽ മുങ്ങല്‍ വിദഗ്‌ധരുടെ സേവനം അടക്കം ലഭ്യമാകണമെങ്കില്‍ കാലതാമസം വരാറുണ്ട്. തൊടുപുഴയില്‍ നിന്ന് സ്‌കൂബ സംഘമോ കൊച്ചിയില്‍ നിന്ന് നാവിക സേനയോ എത്തിയാല്‍ മാത്രമെ രക്ഷാപ്രവര്‍ത്തനം സാധ്യമാകു എന്നതാണ് വാസ്‌തവം.
അപകടത്തിന്‍റെ ഞെട്ടല്‍ മാറാതെ: ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (നവംബര്‍ 11) ജില്ലയില്‍ ഒടുവില്‍ അപകടം റിപ്പോര്‍ട്ട് ചെയ്‌തത്. ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞായിരുന്നു അപകടം. ചിന്നക്കനാല്‍ 301 കേളനിയിലെ രണ്ടു പേരുടെ ജീവനാണ് നഷ്ടമായത്.62 കാരനായ ഗോപി, 38 കാരന്‍ സജീവന്‍ എന്നിവരാണ് മരിച്ചത്.
ഫെബ്രുവരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പാറമടയില്‍ മുങ്ങി മരിച്ചതും ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു. കൊമ്പൊടിഞ്ഞാല്‍ സ്വദേശിയായ എല്‍സമ്മ (50), ഇവരുടെ ചെറുമക്കളായ ആന്മരിയ(8), ആമേയ(4), എന്നിവരാണ് മരിച്ചത്. ഇത്തരത്തില്‍ സ്വദേശികളും വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഇടുക്കിയിലെ ജലാശയങ്ങളില്‍ പൊലിഞ്ഞ് ഇല്ലാതാകുന്നത്.
രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളില്ല: വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും നിരവധി പേര്‍ അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തന സംവിധാനത്തിന്‍റെ പോരായ്‌മ മലയോര മേഖലയ്‌ക്ക് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ സ്‌കൂബ, നേവി സംഘങ്ങള്‍ സ്ഥലത്തെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്നു. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ സേന എത്തിച്ചേരാനും കാലതാമസം നേരിടുന്നത് ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നു.
അതുകൊണ്ട് തന്നെ മലയോര മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന് പുറമെ ജനങ്ങള്‍ക്ക് സുരക്ഷ ബോധവത്‌കരണവും നീന്തല്‍ പരിശീലനങ്ങളും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
also read: ആനയിറങ്കല്‍ ഡാമില്‍ രണ്ട് പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു