ഇടുക്കി: ദുരന്തം പെയ്‌തിറങ്ങിയ പെട്ടിമുടി എന്നും മലായാളിക്ക് നൊമ്പരക്കാഴ്ചയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ആറിന് ഇനിയും അവസാനിക്കാത്ത ഒരായിരം വേദനകൾ സമ്മാനിച്ച് പ്രളയം പെട്ടിമുടിയെ വിഴുങ്ങുമ്പോൾ ഇല്ലാതായത് മനുഷ്യ ജീവനുകൾ മാത്രമായിരുന്നില്ല, നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകൾ കൂടിയായിരുന്നു. മണ്ണിനടിയില്‍ നിലയ്ക്കാത്ത ശ്വാസം ശേഷിക്കുന്നുണ്ടോ എന്നുള്ള അന്വേഷണമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍.
നാലാം ദിനം.. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേർന്ന് കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്... അതിനിടെ മണ്ണൊലിച്ചിറങ്ങിയ പുഴയിലേക്ക് നോക്കി നായ കുരയ്ക്കുന്നത് കണ്ട് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു. പുഴയില്‍ വീണു കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ടു വയസുകാരി ധനുഷ്‌കയെന്ന തനുവിന്‍റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവി എന്ന നായ പെട്ടിമുടി രക്ഷാപ്രവർത്തനത്തില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്.
തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയ ശേഷം ഭക്ഷണം കഴിക്കാതെ അവശനിലയിലായ കുവിയെ ഏറ്റെടുക്കാൻ ഇടുക്കി ജില്ലാ പൊലീസ് സേനയിലെ ശ്വാനപരിശീലകനായ അജിത് മാധവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ദുരന്തത്തില്‍ ഉറ്റയവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയിയലും കുവിയെ വിട്ടു നല്‍കാൻ ഉടമയായ പളനിയമ്മയും തയ്യാറായി. ഇപ്പോഴിതാ എട്ട് മാസങ്ങൾക്ക് ശേഷം കുവി പെട്ടിമുടിയിലേക്ക് തിരിച്ചെത്തുകയാണ്. വീണ്ടും പളനിയമ്മയുടെ സ്വന്തമാകാൻ... കുവിയെ വിട്ടുകിട്ടണമെന്ന പളനിയമ്മയുടെ ആവശ്യം ഡിജിപി അംഗീകരിച്ചു. പൊലീസ് സംഘത്തോടൊപ്പം മൂന്നാറിലെത്തിയ കുവിയെ കണ്ടയുടൻ പളനിയമ്മ ഹൃദയം തൊട്ടു വിളിച്ചു... കുവി ആ വിളി കേട്ടു. വാത്സല്യത്തോടെ ഓടിയണഞ്ഞു. ഇനിയും വിട്ടുമാറാത്ത വേദനകൾക്കിടയിലും അവരുടെ സ്നേഹം പെട്ടിമുടിയുടെ മനസ് നിറയ്ക്കട്ടെ.
ഇടുക്കി പൊലീസ് നായ പരിശീലന സംഘത്തിന്‍റെ ഭാഗമായ എസ് ഐ റോയ് തോമസ്, പരിശീലകരായ സജി ജോണ്‍, രാജീവ്, ജെറി ജോണ്‍, ഡയസ് പി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കുവിയെ മൂന്നാറിലെത്തിച്ചത്. മൂന്നാര്‍ ഡിവൈ.എസ്.പി ആര്‍. സുരേഷ് കുവിയെ കൈമാറി. മൂന്നാര്‍ എസ്.ഐ എം.സൂഫി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.