ഇടുക്കി : ഹൈറേഞ്ച് ജനതയുടെ നാവുകളില്‍ ബേക്കറി രുചിയുടെ മധുരം വിളമ്പി മുന്നേറുകയാണ് ബൈസണ്‍ വാലി ഗ്രാമ പഞ്ചായത്തിലെ ഫേമസ് ബേക്കറി. അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് ചുവടുവയ്പ്പ് നടത്തിയ സ്ത്രീ സമൂഹത്തിന്‍റെ വിജയഗാഥയുടെ ഏടുകൂടിയാണ് നാല്‍പ്പതോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ മുന്നോട്ടുപോകുന്ന ഈ സംരംഭം.
കരിയും പുകയും നിറഞ്ഞ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഉദയാസ്‌തമയങ്ങളറിയാതെ ഒതുങ്ങിപ്പോകുന്ന സ്ത്രീ സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയാണ് കുടുംബശ്രീയെന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. അത് സ്ത്രീ സമൂഹത്തെ സ്വയം പര്യാപ്‌തതയിലേയ്ക്ക് കൈപിടിച്ച് നടത്തി എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബൈസണ്‍ വാലിയിലെ ഫേമസ് ബേക്കറി.
ഹൈറേഞ്ചിലെ ഉള്‍ഗ്രാമ പ്രദേശമായ ബൈസണ്‍ വാലിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തിരക്കൊഴിഞ്ഞ സമയമില്ല. കാരണം കായ വറുത്തതും, മിക്‌സ്‌ചറും, ബണ്ണും, കേക്കും, ബ്രഡ്ഡും, ലഡുവും അടക്കമുള്ള ബേക്കറി വിഭവങ്ങള്‍ ഹൈറേഞ്ചിന്‍റെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് വിപണിയിലെത്തിക്കുകയാണ് അവർ.
സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യത്തോടെ 2013ൽ ബൈസൺ വാലി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതിന്‍റെ ഭാഗമായ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എണ്‍പത് ലക്ഷത്തോളം രൂപ മുതല്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ചു. തുടര്‍ന്ന് കുടുംബശ്രീ സിഎഡിഎസിന് ഇത് കൈമാറുകയും ചെയ്‌തു.
ഇതിന് ശേഷമാണ് ആദ്യ ഘട്ടത്തില്‍ പത്ത് വനിതകളുടെ നേതൃത്വത്തില്‍ ചെറിയ രീതിയില്‍ ബേക്കറി യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് വാങ്ങി നല്‍കിയ വാഹനത്തിൽ ബേക്കറി ഉത്പന്നങ്ങള്‍ സമീപ പ്രദേശങ്ങളിലെ കടകളില്‍ എത്തിച്ച് ചെറിയ രീതിയിലായിരുന്നു ആദ്യ ഘട്ടത്തിൽ വില്‍പ്പന നടത്തിയിരുന്നത്.
പിന്നീട് ബേക്കറി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നതോടെ കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തരെ കൂട്ടിയോജിപ്പിച്ച് ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ ഇനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്‌തു. മധുര പലഹാരങ്ങൾ ഉൾപ്പടെ ഇവിടെ നിർമിക്കുന്നുണ്ടെങ്കിലും അവ കേടായി പോകാതിരിക്കുന്നതിനായി ഒരു വിധത്തിലുള്ള രാസ വസ്‌തുക്കളും ഇവർ ചേർക്കാറില്ല.
അതുകൊണ്ട് തന്നെ കടകളില്‍ നിന്ന് ലഭിക്കുന്ന ഓഡര്‍ അനുസരിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിക്കുവാന്‍ കഴിയുന്നത്രയും മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. നിലവില്‍ നാല്‍പ്പതോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് മികച്ച രീതിയില്‍ ഫേമസ് ബേക്കറിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.
ALSO READ: കടല്‍ കടക്കാനൊരുങ്ങി നെടുങ്കണ്ടത്തെ വനിതാ കൂട്ടായ്‌മയുടെ രുചി വൈവിധ്യങ്ങൾ
പദ്ധതി വിജയിക്കുവാന്‍ കാരണം ഗ്രാമ പഞ്ചായത്തിന്‍റെയും സിഡിഎസിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നാണ് ഇവര്‍ പറയുന്നത്. അധ്വാനിക്കാനുള്ള മനസും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഒരു മേഖലയില്‍ നിന്നും സ്ത്രീയെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ലെന്നതിന്‍റെ തെളിവാണ് ബൈസണ്‍ വാലിയിലെ ഫേമസ് ബേക്കറി എന്ന ഈ പ്രസ്ഥാനം. കൂട്ടായ പരിശ്രമമുണ്ടായാല്‍ മികച്ച വരുമാനവും ഉയര്‍ച്ചയും ഉറപ്പാണെന്നും ഇവര്‍ തങ്ങളുടെ വിജയത്തിലൂടെ വ്യക്‌തമാക്കിത്തരുന്നു.