ഇടുക്കി: കെ.ടി.ഡി.സിയുടെ നവീകരിച്ച കെട്ടിടങ്ങള്‍ മൂന്നാറിൽ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. ആദ്യഘട്ടമായി ലഭിച്ച 3.51 കോടി രൂപ ചെലവഴിച്ചാണ് 25 മുറികൾ നവീകരിച്ചിട്ടുള്ളത്. കെ.ടി.ഡി.സി ചെയര്‍മാന്‍ എം വിജയകുമാര്‍ ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്‌തു. വിദേശ വിനോദ സഞ്ചാരികളടക്കം എത്തുന്ന മൂന്നാറില്‍ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയില്‍ മെച്ചപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 7.592 കോടി രൂപയില്‍ ആദ്യഘട്ടമായി ലഭിച്ച 3.51 കോടി രൂപ ചെലവഴിച്ചാണ് 25 മുറികളുടെ നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചത്. മൂന്നാറിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയില്‍ 67 മുറികള്‍, മള്‍ട്ടി കുഷ്യന്‍ റെസ്റ്റോറൻ്റ്, കോണ്‍ഫറന്‍സ് ഹാള്‍, പുല്‍ത്തകിടി, ആയുര്‍വേദ സെൻ്റര്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. 1999 നവംബര്‍ മാസത്തിലായിരുന്നു മൂന്നാര്‍ ഇക്കാനഗറില്‍ കെ.ടി.ഡി.സിയുടെ കീഴിലുള്ള ടീ കൗണ്ടി പ്രവര്‍ത്തനം ആരംഭിക്കുന്നത്.