ഇടുക്കി: നെടുങ്കണ്ടം - മൈലാടുംപാറ - രാജക്കാട് റോഡിന്‍റെ വീതി കൂട്ടി ടാര്‍ ചെയ്‌തപ്പോള്‍ പാതയുടെ നടുവിലായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു. വൈദ്യുതി പോസ്റ്റുകൾ ഉയർത്തുന്ന അപകട ഭീഷണിയെക്കുറിച്ച് മെയ് 10ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കരാറുകാരൻ കഴിഞ്ഞ ദിവസം 4,56,00 രൂപ വൈദ്യുത ബോർഡിൽ അടച്ചു. തുടര്‍ന്ന് സാങ്കേതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച വൈദ്യുതി ബോര്‍ഡ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പണി ആരംഭിച്ചു. ഇരുപതിലധികം പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തൽ. കരാറുകാരൻ പണമടയ്ക്കാൻ വൈകിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ.എം അജീഷ് പറഞ്ഞു.
Read more: 'തമ്മിലടിച്ച് വകുപ്പുകള്‍'; 17 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റോഡിന് നടുവില്‍ പോസ്റ്റുകള്‍
കഴിഞ്ഞ ദിവസമാണ് മലയോര ഹൈവേയുടെ ഭാഗമായി 17 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റുകൾ നില നിർത്തിക്കൊണ്ട് ടാറിങ് പൂർത്തീകരിച്ചത്. 18 ഓളം പോസ്റ്റുകളായിരുന്നു ടാറിങ് നടത്തിയ റോഡിന് നടുവിലുണ്ടായിരുന്നത്. കൊടും വളവിലും കുത്തനെയുള്ള ഇറക്കത്തിലും റോഡിന് നടുവിൽ നിൽക്കുന്ന പോസ്റ്റുകൾ വൻ അപകട ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.
അതേ സമയം, രണ്ട് ദിവസം കൊണ്ട് പോസ്റ്റുകൾ പൂർണ്ണമായും മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ. റോഡിന് നടുവിലെ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചതോടെ അപകട ഭീതിയൊഴിഞ്ഞ സന്തോഷത്തിലാണ് നാട്ടുകാർ.