ഇടുക്കി: സഞ്ചാരികളാല്‍ നിറഞ്ഞ് കുരിശുപാറയിലെ കോട്ടപ്പാറ വ്യൂപോയിന്‍റ്. ഇവിടെ നിന്നുള്ള ഉദയാസ്‌തമയ കാഴ്‌ചകള്‍ ഏതൊരു സഞ്ചാരിയുടെയും മനസ് കീഴടക്കുന്നതാണ്. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന മലനിരകളും കോടമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്‌മികളും പുല്‍മേടുകളും കോട്ടപ്പാറയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വിണ്ണ് മണ്ണിനെ ചുംബിക്കുന്ന ഈ മലമുകളിലെ കാഴ്‌ചകള്‍ കാണാൻ കോട്ടപ്പാറയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കോടമഞ്ഞും അടിമാലിയുടെ ആകാശ കാഴ്ചയും കോട്ടപ്പാറയെ സന്ദര്‍ശകരുടെ ഇഷ്‌ട ഇടമാക്കിമാറ്റുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന പേരറിയാവുന്നതും അറിയാത്തതുമായ കാട്ടുചെടികളും ചെറു തണല്‍മരങ്ങളും സന്ദര്‍ശകരെ കോട്ടപ്പാറയിലേക്ക് വരവേല്‍ക്കുന്നു. വനം വകുപ്പിന്‍റെയും ടൂറിസം വകുപ്പിന്‍റെയും തദ്ദേശഭരണകൂടങ്ങളുടെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തിയാൽ കോട്ടപ്പാറയെ കൂടുതല്‍ ആകര്‍ഷണീയമാക്കാം.