ഇടുക്കി: മുൻ എം.പി ജോയ്‌സ് ജോര്‍ജിന്‍റെയും കുടുംബത്തിന്‍റെയും കൊട്ടക്കമ്പൂരിലെ ഭൂമി ഇടപാട് വിഷയത്തില്‍ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ജോയ്‌സ് ജോര്‍ജിന്‍റെയും ബന്ധുക്കളുടെയും ഭൂമിയുടെ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്‌ത് ദേവികുളം സബ് കലക്‌ടര്‍ ഉത്തരവിറക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് സബ് കലക്ടറുടെ നടപടി. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കുവാന്‍ പലതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജോയ്‌സ് ജോര്‍ജ് തയ്യാറായിരുന്നില്ല. മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ബ്ലോക്ക് നമ്പര്‍ 58 ലെ അഞ്ച് തണ്ടപ്പേര്‍ നമ്പറുകള്‍ റദ്ദ് ചെയ്‌തത്.
![കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്‌സ് ജോര്‍ജിന് തിരിച്ചടി kottakamboor land deal sub collector's order against joyce george mp](https://etvbharatimages.akamaized.net/etvbharat/prod-images/kl-idy-02-joice-landissue-pkg-7204060_08092019170547_0809f_1567942547_952.jpg)
ഉത്തരവ് ഇറങ്ങിയതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവ് ചെയ്യുന്നതിനോ കരമടയ്ക്കുന്നതിനോ സാധിക്കില്ല. 1970 കാലയളവിലെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ റീസര്‍വേ ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററില്‍ വിവാദ ഭൂമി തരിശായി കിടക്കുന്നതും സര്‍ക്കാര്‍ കൈവശഭൂമിയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തമായ റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.