ഇടുക്കി:കൊളുക്കുമല ടൂറിസം മേഖലയിൽ പ്രതിസന്ധിയിലായ ജീപ്പ് ഡ്രൈവർമാർക്ക് സഹായവുമായി പഞ്ചായത്ത് അധികൃതർ. കൊളുക്കുമലയിലേക്ക് സഫാരി നടത്താൻ അംഗീകാരമുള്ള 108 ജീപ്പ് ഡ്രൈവർമാർക്ക് ഈ മാസം അവസാനം 5000 രൂപ വീതം നൽകാൻ തീരുമാനിച്ചു . കൊളുക്കുമല പ്രവേശനത്തിനായി സഞ്ചാരികളിൽ നിന്നും പഞ്ചായത്തും ഡി.റ്റി.പി.സിയും ഈടാക്കുന്ന തുകയിൽ നിന്നുമാണ് ഡ്രൈവർമാർക്ക് സഹായം വിതരണം ചെയ്യുന്നത്.
ടൂറിസത്തെ ആശ്രയിച്ച് നൂറിലധികം ജീപ്പ് ഡ്രൈവർമാരാണ് ഉപജീവനം നടത്തിയിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ കൊളുക്കുമല ടൂറിസം ഏതാണ്ട് നിലച്ച അവസ്ഥയിലായി. ടൂറിസം മേഖല പ്രതിസന്ധിയിലായതോടെ ഇവരുടെ ജീവനോപാധിയും പ്രതിസന്ധിയിലായി.
നിലവിൽ വിനോദസഞ്ചാര മേഖലകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ചിന്നക്കനാലിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തും ഡി.റ്റി.പി.സിയും ജീപ്പ് ഡ്രൈവർമാർക്ക് സഹായവുമായി എത്തിയിരിക്കുന്നത്.