ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടി കുടിയിലേക്കുള്ള പാലത്തിന്‍റെ പുനർ നിർമാണം വൈകുന്നു. 2018ലെ പ്രളയത്തിലായിരുന്നു ആദിവാസി കുടുംബങ്ങൾക്ക് ഏക ആശ്രയമായിരുന്ന പാലം ഒഴുകി പോയത്.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം പുനർനിർമിക്കുമെന്ന് അധികൃതർ പറയുമ്പോഴും നിർമാണ ജോലികൾ എന്നാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും കുതിച്ചൊഴുകുന്ന പുഴയുടെ അക്കരയിലെത്താന്‍ ആദിവാസി കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കാട്ടാറിന് കുറുകെ താൽകാലിക ഈറ്റ പാലം നിർമിച്ചായിരുന്നു കുടുംബങ്ങൾ അവശ്യയാത്ര സാധ്യമാക്കിയത്. ജീവൻ കൈയിൽ പിടിച്ചുള്ള ഈ യാത്ര ഏറെ അപകടം നിറഞ്ഞതാണ്. വരാൻ പോകുന്ന മഴക്കാലത്തും താൽകാലിക ഈറ്റ പാലം നിർമിച്ച് യാത്ര സാധ്യമാക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.