ഇടുക്കി: സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ട്രക്കിംഗ് സര്‍വ്വീസുകള്‍ക്ക് ഉപാതികളോടെ നിയന്ത്രണം. അതിര്‍ത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങളുടെ അമിതവേഗതയ്ക്കും തടയിടുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ട്രക്കിംഗ് സര്‍വ്വീസുകള്‍ക്കും അതിര്‍ത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങള്‍ക്കും നിയന്ത്രണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
നിയന്ത്രണത്തിന്‍റെ ഭാഗമായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കും. കൂടാതെ അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവർക്കായിരിക്കും ട്രക്കിംഗ് വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുമതി ഉണ്ടാവുക. ഇതിനായി ഡ്രൈവര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് വേണ്ട പരിശോധന നടത്തി അപകട സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തിയ പ്രദേശത്തേയ്ക്ക് മാത്രമായിരിക്കും ഇനി ട്രക്കിംഗ് ജീപ്പുകള്‍ കടത്തിവിടുക. തൊഴിലാളി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും കര്‍ശനമാക്കും. ഇതോടെ അപകടങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.