ഇടുക്കി: സ്‌തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ജേതാക്കളെ പ്രഖ്യാപിച്ചു. കേരള പൊലീസിലെ പത്ത് പേര്‍ക്കാണ് ഇത്തവണ സ്‌തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. ഇതില്‍ ഇടുക്കി അഡിഷണല്‍ എസ്.പി കെ.എച്ച് മുഹമ്മദ് കബീര്‍ റാവുത്തറും ഉള്‍പ്പെടുന്നു.
2021 ഒക്ടോബര്‍ മുതല്‍ ഇടുക്കി ജില്ല അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആയി ജോലി ചെയ്തു വരുന്ന ഇദ്ദേഹം മൂന്നാര്‍ പട്ടയവുമായി ബന്ധപ്പെട്ട കേസ്, കോട്ടയം അശ്വതി കൊലപാതക കേസ് എന്നിവ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പത്തനംതിട്ട ക്രൈം ബ്രാഞ്ചിലെ നിരവധി കേസുകളുടെ അന്വേഷണത്തിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്.
ALSO READ:ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി
1995ല്‍ കേരള പൊലീസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം സിറ്റി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു. 2004ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച്, വിജിലന്‍സ് എന്നിവടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു.
2010ല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയി പ്രമോഷന്‍ ലഭിച്ച് പാലക്കാട് ജില്ലയില്‍ ഭരണ വിഭാഗം, ക്രൈം ഡിറ്റാച്ച്‌മെന്‍റ്, കോഴിക്കോട് സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്‍റ് അസ്സി. കമ്മീഷണര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ കോട്ടയം വിജിലന്‍സ്, ഭരണവിഭാഗം, നര്‍ക്കോട്ടിക് സെല്‍ എറണാകുളം സിറ്റി, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, ആലപ്പുഴ നര്‍ക്കോട്ടിക് സെല്‍, ക്രൈം ബ്രാഞ്ച് പത്തനംതിട്ട, തിരുവനന്തപുരം എന്നിവടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.