ഇടുക്കി: ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല യൂണിറ്റ് രംഗത്ത്. ഉടൻ പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഇല്ലെങ്കിൽ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല യൂണിറ്റ് പ്രസിഡന്‍റ് കെഎൻ ദിവാകരൻ പറഞ്ഞു. പട്ടയ പ്രശ്‌നവുമായി സഹകരിക്കുന്ന ഏത് മുന്നണിക്ക് ഒപ്പം നിന്നും സമരം ചെയ്യാൻ വ്യാപാരികൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ ഷോപ്പു സൈറ്റുകൾക്ക് പട്ടയം ആവശ്യപ്പെട്ടും, ഭൂ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായികളും, പട്ടയ അവകാശ സമിതിയും മറ്റു സംഘടനകളും നടത്തി വന്നിരുന്ന സമരങ്ങളുടെ തുടർച്ചയായി വീണ്ടും ശക്‌തമായ സമരങ്ങൾക്ക് കളമൊരുങ്ങുകയാണ്.
93 റൂൾ പ്രകാരമുള്ള പട്ടയഭൂമിയിൽ ചെറിയ കടമുറികൾ അടക്കമുള്ള നിർമ്മാണങ്ങൾ നടത്തുന്നതിന് യാതൊരു തടസങ്ങളുമില്ലാത്തപ്പോഴാണ് വനഭൂമി വെട്ടി 70 വർഷം മുമ്പ് കുടിയേറിയ കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് നിയമവും ചട്ടവും വിലങ്ങുതടിയാകുന്നത്. 64 റൂൾ പ്രകാരമുള്ള പട്ടയത്തിനാണ് ഷോപ്പ് സൈറ്റ് നിർമ്മാണത്തിന് തടസമുള്ളത്.
ഇടുക്കി രാജാക്കാട് മേഖലയിൽ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം പട്ടയം നൽകാമെന്നിരിക്കെ, ഉപേക്ഷിക്കപ്പെട്ട പദ്ധതിയുടെ പേരിൽ വർഷങ്ങളായി പട്ടയം നൽകാതിരിക്കുകയും നിരന്തരമായി സമരം നടത്തുകയും ചെയ്തതിനെ തുടർന്നാണ് പട്ടയം അനുവദിച്ചത്. 93 റൂൾ പ്രകാരമുള്ള പട്ടയം ആ മേഖലയിൽ നൽകാമെന്നിരിക്കേ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിർമ്മാണം നടത്താതിരിക്കാനാണത്രേ ചില ഉദ്യോഗസ്ഥർ ഷോപ്പ് സൈറ്റുകൾ നിർമ്മിക്കാൻ പാടില്ലാത്ത 64 റൂൾ പ്രകാരമുള്ള പട്ടയം നൽകി കൈവശക്കാരെ ചുറ്റിച്ചത്.
രാജാക്കാട് ടൗണിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ജൂവലറിക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് കടയുടമ കടയുടെ പ്രവർത്തനം നിർത്തിയിരുന്നു. തുടർന്നാണ് വ്യാപാരികളുടെ നേതൃത്വത്തിൽ സമരവും, പ്രതിഷേധവും ആരംഭിച്ചത്.
പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് ഭൂ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെ പട്ടയത്തിൻ്റെ നിയമക്കുരുക്ക് അഴിഞ്ഞിട്ടില്ല.