ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടത് മുന്നേറ്റം. അഞ്ച് സീറ്റിൽ നാലെണ്ണവും എൽഡിഎഫ് നേടി. ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ജില്ലയാണ് ഇടുക്കി. തൊടുപുഴ മണ്ഡലം നിലനിര്‍ത്തിയ പിജെ ജോസഫ് ആണ് യുഡിഎഫ് ക്യാമ്പിന്‍റെ ഏക ആശ്വാസം. എൽഡിഎഫിന്‍റെ കെഎ ആന്‍റണിയെ 20259 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിജെ ജോസഫ് പരാജയപ്പെടുത്തിയത്. 45000ൽ നിന്ന് 20259 ന്‍റെ ഭൂരിപക്ഷത്തിലേക്ക് പിജെ ജോസഫിന്‍റെ പ്രകടനം ഇടിഞ്ഞു.
മന്ത്രി എംഎം മണിയുടെ വൻ മുന്നേറ്റമാണ് നടത്തിയത്. ഉടുമ്പന്‍ചോല മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് എംഎം മണി ജയിച്ചത്. 38305 വോട്ടുകളുടെ ലീഡിലാണ് യുഡിഎഫിന്‍റെ ഇഎം അഗസ്റ്റിയെ പരാജയപ്പെടുത്തിയത്. തോൽവി സമ്മതിച്ച അഗസ്‌തി തല മുണ്ഡനം ചെയ്യുമെന്നും പരസ്യമായി പ്രഖ്യാപിച്ചു.
Also Read:കരുത്തുകാട്ടി സിപിഎം ; സംഘടനാ സംവിധാനത്തിൻ്റെ വിജയം
ഇടുക്കിയിൽ എൽഡിഎഫിന്‍റെ റോഷി അഗസ്റ്റിൻ യുഡിഎഫിന്‍റെ കെ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ജില്ല ഏറ്റവും അധികം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു ഇടുക്കി. ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തിലൂടെ റോഷി അഗസ്റ്റിന്‍ ഇടതുപാളയത്തില്‍ എത്തിയപ്പോൾ ഇത്തവണ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മിലുള്ള മത്സരമാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ലീഡ് നിലനിര്‍ത്തിയ എല്ലാ പഞ്ചായത്തുകളിലും ഇത്തവണയും റോഷി വ്യക്തായ വോട്ടുനില സൂക്ഷിച്ചു.
പീരുമേട്ടില്‍ ഇത്തവണ ഏറെ വിജയ പ്രതീക്ഷയായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. 2016ല്‍ കേവലം 314 വോട്ടിന് മാത്രമാണ് ഇഎസ് ബിജിമോളോട് യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം സിറിയക്കിലൂടെ തന്നെ തിരിച്ച് പിടിക്കാമെന്ന ുറച്ച വിശ്വാസമായിരുന്നു യുഡിഎഫ് ക്യാമ്പിന്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ സിറിയക് വ്യക്തമായ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന നിമിഷം 1835 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാഴൂര്‍ സോമനിലൂടെ എല്‍ഡിഎഫ് ഇടത് കോട്ട നിലനിര്‍ത്തി. ദേവികുളം മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉറച്ചാണ് ഇത്തവണ യുഡിഎഫ് തോട്ടം തൊഴിലാളികല്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന ഡി.കുമാറിനെ രംഗത്തിറക്കിയത്. ഡിവൈെഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.രാജ 7847 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിൽ വിജയിച്ചു.