ഇടുക്കി: നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. രാവിലെ പത്ത് മണിയോടെ ഷട്ടര്‍ 70 അടി ഉയര്‍ത്തി. സെക്കൻഡിൽ 50000 ലിറ്റർ ജലമാണ് പെരിയാറിലൂടെ ഒഴുകുക. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നത്.
ജലനിരപ്പ് 2382.53 അടി ആയതോടെ ശനിയായ്ച പുലർച്ചെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (07.08.2022) ഡാമിലെ ജലനിരപ്പ് 2384.18 അടിയിലെത്തി. സംഭരണശേഷിയുടെ 78.38 ശതമാനമാണിത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംരക്ഷണ ശേഷി. കഴിഞ്ഞ വർഷത്തേക്കാളും പതിനാല് അടി കൂടുതൽ ജലമാണ് അണക്കെട്ടിലുള്ളത്.
പെരിയാറിൽ വെള്ളമൊഴുകി എത്തുന്ന തീരപ്രദേശങ്ങളിൽ താമസിക്കുന്ന 79 കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി, വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്.
പെരിയാർ തീരത്തുള്ളവർക്ക് കർശന ജാഗ്രത നിർദേശമാണ് ജില്ല ഭരണകൂടം നൽകിയിരിക്കുന്നത്. ജലം ഒഴുകിയെത്തുന്ന മേഖലകളിൽ പുഴ മുറിച്ചു കടക്കുന്നതും മീൻപിടിത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശനമായ നിരോധനമുണ്ട്. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും അധിക ജലം ഒഴുക്കുന്നു: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് 138.30 ആയി ഉയർന്നിട്ടുണ്ട്. മുൻപ് പത്ത് ഷട്ടറുകളാണ് ഉയർത്തിയിരുന്നത്. ജലം കൂടുതലായ സാഹചര്യത്തിൽ ഇന്ന് മൂന്ന് ഷട്ടറുകൾ കൂടെ 0.50 മീറ്റർ ഉയർത്തി. ഇപ്പോൾ പതിമൂന്ന് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സെക്കൻഡിൽ ആകെ 2754 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്.
റൂൾ കർവ് പ്രകാരം ഓഗസ്റ്റിലെ പരമാവധി സംഭരണം 137.5 അടി ആണെന്നിരിക്കെയാണ് തമിഴ്നാടിന്റെ ലംഘനം. വെള്ളിയാഴ്ച പകൽ ഒന്നോടെ 137.5 അടി എത്തിയപ്പോൾ തമിഴ്നാട് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.
ആദ്യം മൂന്ന് ഷട്ടർ ഉയർത്തിയത് പിന്നീട് 10 ആക്കി. എന്നിട്ടും ജലം കുറയാത്ത സാഹചര്യത്തിലാണ് പതിമൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർക്ക് കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.