ഇടുക്കി : അതിർത്തി മേഖലയിൽ പെയ്യുന്ന ശക്തമായ മഴയിൽ ജലാശയങ്ങളും ചെറുഡാമുകളും തുടർച്ചയായി നിറയുന്ന പ്രതിഭാസത്തിൽ പഠനം നടത്താന്‍ സംസ്ഥാന സർക്കാർ. തുടർച്ചയായി ചെറു ഡാമുകൾ തുറക്കേണ്ട സാഹചര്യത്തെക്കുറിച്ച് റവന്യൂ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
അതിർത്തി മേഖലയിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയാണ് കഴിഞ്ഞ രണ്ടു മാസക്കാലമായി പെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് അതിർത്തി മേഖലയിൽ പെയ്യുന്ന മഴയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയത്.
Also read: Kerala Rain Alert : ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് ; ബോഡിമെട്ട് ചുരത്തില്‍ രാത്രി യാത്രാ നിരോധനം
അതിതീവ്രമഴയ്ക്ക് സമാന രീതിയിലാണ് ഇവിടങ്ങളിൽ മഴ പെയ്യുന്നത്. നിശ്ചിത സ്ഥലത്ത് ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ തുടർച്ചയായി ശക്തമായ മഴയാണ് പെയ്യുന്നത്. ഒരുമാസത്തോളം ലഭിക്കുന്ന മഴ ഒരു ദിവസം കൊണ്ട് ലഭിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവുകയാണ്. ജലസ്രോതസുകള്‍ പൊടുന്നനെ നിറയുന്നു. ഇതിനെത്തുടർന്ന് ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യം ഉടലെടുക്കുന്നു.
റവന്യൂ സംഘം സമര്‍പ്പിച്ച റിപ്പോർട്ട് വിദഗ്‌ധ സമിതി വിലയിരുത്തി തുടർ പഠനങ്ങൾ നടത്തും. അതിർത്തി മേഖലയിലെ മഴ മൂലം ഉണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പും ജില്ല ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ധനസഹായം എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.