ഇടുക്കി: ധിക്കാരം നിറഞ്ഞ ഭരണത്തിൽ നിന്ന് മാറ്റം വേണമെന്ന മനോഭാവമാണ് സംസ്ഥാന ജനതക്കുള്ളതെന്ന് കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. ഇടുക്കി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥിതിയിൽ ധിക്കാരവും ധാർഷ്ട്യവും ഭരണാധികാരികൾ കാണിക്കുവാൻ പാടില്ല. ഒരു ലക്ഷത്തി പതിനാറായിരത്തിലധികം ആളുകളെയാണ് ഈ സർക്കാർ റാങ്ക്‌ലിസ്റ്റിലുള്ളവർ നിൽക്കേ സ്ഥിരപ്പെടുത്തിയത്. ഇത്ര ശക്തമായ ഒരു സമരം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുമ്പോഴും പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന കാഴ്‌ചയാണ് സംസ്ഥാനത്ത് കാണാനായത് എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു .
സ്വന്തക്കാരെയും ബന്ധുക്കളെയും പാർട്ടിയുമായി അടുത്ത് നിൽക്കുന്നവരെയുമാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ തിരുകി കയറ്റിയത്. എന്തു വിമർശനം വന്നാലും താങ്ങൾക്കത് പ്രശ്നമല്ല എന്ന മനോഭാവമായിരുന്നു ഇവർ പുലർത്തിയിരുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ തന്നെ 30ൽ നിന്നും 37 ആയി വർധിപ്പിച്ചു. ഇവർക്കൊക്കെ പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് പ്രത്യേക മന്ത്രിസഭായോഗത്തിലൂടെ ഇവരെയൊക്കെ സ്ഥിരപ്പെടുത്തിയതെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടികാട്ടി.