ഇടുക്കി: ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റായ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ കേരളവും തമിഴ്നാടും കൊവിഡ് പരിശോധനകൾ കർശനമാക്കി. തമിഴ്നാട് ഈ പാസ് നിർബന്ധമാക്കിയതോടെ പാസ് എടുക്കുന്നതിന്‍റെ മറവിൽ പണപ്പിരിവ് നടത്തുന്നതായി ആരോപണമുയർന്നിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട് സർക്കാർ കമ്പംമേട് ഉൾപ്പെടെയുള്ള ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ ഇ-പാസ് നിർബന്ധമാക്കിയതോടെയാണ് കേരളത്തിന്‍റെ പരിധിയിലും പരിശോധന ശക്തമാക്കിയത്. ലോക്ക് ഡൗൺ കാലത്തിനുശേഷം നിർത്തിവച്ചിരുന്ന പരിശോധനകളാണ് ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് നടത്തിയ ശേഷമേ തുടർയാത്ര അനുവദിക്കൂ. ഇന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടക്കുവാനെത്തിയ 13 പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും അവരെ തിരിച്ചയയ്ക്കുകയും ചെയ്തു. മൃഗങ്ങളും പക്ഷികളുമായിയെത്തുന്ന വാഹനങ്ങളും കർശനമായി നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളുമായി എത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമേ കേരളത്തിലേക്ക് തുടർ യാത്ര അനുവദിക്കൂ.
അതേസമയം, പാസ് എടുക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒന്നും തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഇതിനാൽ തന്നെ ചെക്ക് പോസ്റ്റിന് സമീപമുള്ള ചില കടകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പാസുകൾ ലഭ്യമാക്കുന്നത്. ഇവർ 30 മുതൽ 100 രൂപ വരെ പാസിനായി ഈടാക്കുന്നതാണ് ആക്ഷേപം. നെടുങ്കണ്ടം അടക്കമുള്ള അതിർത്തി മേഖലകളിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ കടുപ്പിക്കാനാണ് സാധ്യത.