ഇടുക്കി: കട്ടപ്പന നഗരസഭയുടെ 2020 - 21 വര്‍ഷത്തെ പൊതു ബജറ്റിനെതിരെ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ഫിനാന്‍സ് കമ്മിറ്റിയുടെ അറിവില്ലാതെ തയ്യാറാക്കിയ ബജറ്റില്‍ കൃത്യമായ പഠനം നടത്താതെയാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം അവലോകന യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. നഗരസഭ ഭരണസമിതി 109 കോടി രൂപയുടെ പദ്ധതിയുമായാണ് പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ബജറ്റില്‍ വ്യാപകമായ പിഴവുകളുണ്ടെന്നാരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ അവലോകന യോഗം ബഹിഷ്ക്കരിച്ചത്.
തെറ്റുകൾ ഉൾക്കൊണ്ട് പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യം ഭരണപക്ഷം എതിർത്തതോടെയാണ് പ്രതിഷേധമുയർന്നത്. താലൂക്ക് ആശുപത്രിയ്ക്കായി 40 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ ആശുപത്രിയുടെ നവീകരണത്തിനായി അധിക തുക അനുവദിക്കേണ്ടതില്ല.
നഗരസഭയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തിയതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. മുന്‍വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ക്ക് പുതിയ ബജറ്റില്‍ സ്ഥാനമില്ല. ഇതിനോടൊപ്പം നേരത്തെ നഗരസഭ നടപ്പിലാക്കിയ സ്വാപ്പ് ഷോപ്പ്, വയോജനങ്ങള്‍ക്കുള്ള ആശ്രയ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചിട്ടും പുനരാരംഭിക്കാനുള്ള തുകയും ഈ ബജറ്റിലില്ല, ഏറ്റവുമധികം കര്‍ഷകരുള്ള നഗരസഭയായിട്ടും കര്‍ഷകര്‍ക്കായി ഒരു പദ്ധതി പോലും തയ്യാറാക്കാത്തതിനെയും പ്രതിപക്ഷ അംഗങ്ങള്‍ എതിർത്തു.
എന്നാല്‍ ബജറ്റ് ജനോപകാര പ്രദമായ പദ്ധതികള്‍ക്കായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ പദ്ധതികളുടെ വിജയമാണ് നഗരസഭയ്ക്ക് സംസ്ഥാന തലത്തില്‍ രണ്ട് തവണ അവാർഡുകൾ നേടാൻ ഇടയാക്കിയതെന്നുമാണ് ഭരണസമിതി അംഗങ്ങളുടെ നിലപാട്.