ഇടുക്കി: ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിയില്ല. ഇതോടെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ മാറ്റുവാനുള്ള നടപടി ക്രമങ്ങൾ അവതാളത്തിലായി. 2019 ഡിസംബർ 10ന് റവന്യു വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരനാണ് സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നടത്തിയത്. വൈദ്യുതി മന്ത്രി എം എം മണിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഞ്ചോളം സർക്കാർ ഓഫിസുകൾ ഇവിടേയ്ക്ക് മാറ്റുവാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെയാണ് വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ കാലതാമസം നേരിടുന്നത്. ഡി ഇ ഒ, എ ഇ ഓഫീസുകൾ, എക്‌സൈസ് റേഞ്ച് ഓഫീസ്, തഹസിൽദാരുടെ പ്രത്യേക എസ്റ്റേറ്റ് ഓഫീസ്, എന്നിവയാണ് ആദ്യ ഘട്ടമായി ഇവിടേക്ക് മാറ്റുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. കെട്ടിടത്തിനുളളിലെ വയറിങ് ജോലികൾ പൂർത്തിയായി. എന്നാൽ ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിക്കുവാൻ കഴിയാത്തതാണ് വൈദ്യുതി ലഭിക്കുന്നതിനുള്ള തടസം. കരാർ നൽകിയെങ്കിലും പാറകൾ കാരണം പോസ്റ്റുകൾക്ക് കുഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ രണ്ട് ആഴ്ചയ്ക്കകം തടസ്സങ്ങൾ നീക്കി ഓഫീസുകൾ മാറ്റുവാനാണ് ഇപ്പോഴത്തെ നീക്കം.