ഇടുക്കി: കട്ടപ്പന നഗരസഭാ അധ്യക്ഷയായി ബീനാ ജോബി അധികാരമേറ്റു. മുപ്പത്തിരണ്ടാം വാർഡ് അംഗമായ ബീന ജോബി ഒൻപതിനതിരെ 23 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിലെ സുധർമ്മ മോഹന് ഒൻപത് വോട്ടുകൾ ലഭിച്ചു. ആദ്യത്തെ ഒന്നര വർഷമാണ് ബീന അധ്യക്ഷ പദവി അലങ്കരിക്കുക.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കട്ടപ്പന നഗരസഭയിലെ അധ്യക്ഷ സ്ഥാനത്തിൽ ഇന്ന് തീരുമാനമായത്. ഇന്നലെ യുഡിഎഫ് കട്ടപ്പനയിൽ യോഗം ചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം യോഗം മാറ്റി. ഡിസിസി പ്രസിഡന്‍റ് അടക്കമുള്ളവർ എത്താതിരുന്നതാണ് യോഗം മാറ്റുന്നതിന് കാരണമായി പറഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച അവസാന തീരുമാനമുണ്ടായത്.
കോൺഗ്രസ് ഐ യിലെ മുതിർന്ന വനിതാ നേതാവും മുപ്പത്തിരണ്ടാം വാർഡ് അംഗവുമായ ബീന ജോബിയെ പ്രഥമ വനിതാ അധ്യക്ഷയായി പ്രഖ്യാപിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ബീന സിബിയുടെ വോട്ടും യുഡിഎഫിന് ലഭിച്ചു. ആദ്യത്തെ ഒന്നര വർഷമാണ് ബീന അധ്യക്ഷ സ്ഥാനം വഹിക്കുക. പിന്നീടുള്ള ഒന്നര വർഷം ഐ ഗ്രൂപ്പിലെ തന്നെ ഷൈനി സണ്ണി ചെറിയാനും അവസാന രണ്ട് വർഷം എ ഗ്രൂപ്പിലെ ബീനാ ടോമിയും അധ്യക്ഷരാകും. ഇതേ കാലയളവിൽ ആദ്യ മൂന്ന് വർഷം മുൻ ചെയർമാൻ ജോയ് വെട്ടിക്കുഴി വൈസ് ചെയർമാനാകും, അവസാന രണ്ട് വർഷം ജോണി കുളംപള്ളിയും തൽസ്ഥാനം വഹിക്കും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥാനങ്ങൾ നൽകുവാനാണ് ഇപ്പോഴത്തെ സാധ്യത.