ഇടുക്കി: കരുണാപുരം പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളും ഹൈടെക് നിലവാരത്തിലേക്ക്. കരുണാപുരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 40 അംഗനവാടികളാണ് ഉള്ളത്. പഞ്ചായത്തിന്‍റെ തനത് ഫണ്ടും ഐസിഡിഎസ് ഫണ്ടും തൊഴിലുറപ്പ് പദ്ധതിയും ഏകോപിപ്പിച്ചാണ് വിവിധ മേഖലകളിലെ അംഗനവാടികളുടെ നവീകരണം നടക്കുന്നത്. ഒന്‍പത് പുതിയ അംഗനവാടി കെട്ടിട നിര്‍മാണത്തിനായി ഒരു കോടി 15 ലക്ഷം രൂപയാണ് പഞ്ചായത്തില്‍ ചെലവഴിച്ചത്. ഇവയില്‍ ആറെണ്ണത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
പഞ്ചായത്തിലെ വിവിധ അംഗനവാടികളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയോളം ചെലവഴിച്ചു. കെട്ടിടങ്ങളുടെ വിപുലീകരണം, റൂഫിംഗ് ജോലികള്‍, ടൈല്‍ ജോലികള്‍, പെയിന്‍റിങ് തുടങ്ങിയ വിവിധ ജോലികളാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയത്. കൊച്ചു കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ചിത്രങ്ങളോടെയാണ് പല അംഗനവാടികളും നവീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അക്ഷരമാലയുമെല്ലാം ചുവരില്‍ ഇടംപിടിച്ചിട്ടുണ്ട്. അംഗനവാടികളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, കളിപാട്ടങ്ങൾ എന്നിവയും എത്തിച്ച് നല്‍കി. വിവിധ മേഖലകളില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.