ഇടുക്കി: താൽക്കാലിക അധ്യാപിക സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്ക്. സ്കൂളില്‍ നിന്ന് പുറത്താക്കിയ അമൃത ടീച്ചർ പോകുമ്പോഴാണ് കരിങ്കുന്നം സർക്കാർ എൽപി സ്‌കൂളില്‍ വികാര നിർഭര രംഗങ്ങള്‍ അരങ്ങേറിയത്. പുറത്താക്കൽ ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ കരയുന്നത് എന്തിനാണെന്ന് ചോദിച്ച് കുട്ടികൾ ചുറ്റുകൂടി. സ്‌കൂളിൽ നിന്നു പറഞ്ഞു വിട്ടുവെന്നും പോകുകയാണെന്നും അമൃത പറഞ്ഞതോടെ കുട്ടികൾ കൂട്ടത്തോടെ കരയുകയായിരുന്നു. ടീച്ചർ പോകരുതെന്ന് പറഞ്ഞ് പ്രധാന ഗേറ്റു വരെ കുട്ടികള്‍ അമൃതക്കൊപ്പം ചെന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് പ്രധാന ഗേറ്റിനടുത്ത് നിന്ന അമൃതയെ പിടിഎ അംഗങ്ങൾ ബലമായി സ്‌കൂളിന് പുറത്താക്കി.
കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് അധ്യാപികയെ പുറത്താക്കിയത്. എന്നാൽ ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മനഃപൂർവം പരാതികൾ കെട്ടിച്ചമച്ച് തന്നെ പുറത്താക്കിയതാണെന്ന് അമൃത ആരോപിച്ചു.തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് അമൃതയെ താത്കാലിക ഉത്തരവിലൂടെ പുറത്താക്കിയത്.കുട്ടികളെ അധ്യാപിക മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പുറത്താക്കല്‍. സ്‌കൂളിലെ പ്രധാന അധ്യാപിക പി.എസ്.ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
സീനിയർ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ തന്‍റെ പേരില്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നാണ് അമൃതയുടെ ആരോപണം. എന്നാൽ നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ 17 ഓളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്‌ടർ അറിയിച്ചു.