ഇടുക്കി: ആപ്പിള്‍ കൃഷിക്ക് പേരു കേട്ട കാന്തല്ലൂരില്‍ പുത്തന്‍ രുചിയനുഭവം തീര്‍ത്ത് മരത്തക്കാളി താരമാകുന്നു. ഏതന്‍സും പെറുവും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയ മരത്തക്കാളി കേരളത്തിലെ ആപ്പിളുകളുടെ വിളനിലമായ കാന്തല്ലൂരിലും ധാരാളമുണ്ട്. ആപ്പിളിനോളം പ്രൗഡിയില്ലെങ്കിലും ചെന്നൈ അടക്കമുള്ള പട്ടണങ്ങളില്‍ മരത്തക്കാളിക്ക് ആവശ്യക്കാരേറിവരുന്നത് കാന്തല്ലൂരിലെ സാധാരണ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ഉള്‍ഭാഗത്ത് തക്കാളിയുടെ രൂപസാദ്യശ്യമാണെങ്കില്‍ പുറമെ വഴുതനയോട് ചേര്‍ന്ന രൂപമാണ് മരത്തക്കാളിയുടേത്. മൂപ്പെത്തുന്നതിന് മുമ്പ് പച്ചക്ക് കറിവയ്ക്കുന്ന മരത്തക്കാളി പഴുത്ത് പാകമാകുന്നതോടെ ആസ്വാദ്യകരമായ മറ്റൊരു രുചിഭേദം നല്‍കുന്നു. വൈറ്റമിന്‍ എയും അയണും ധാരാളമായി അടങ്ങിയിട്ടുള്ള ഈ പഴം രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. മരത്തക്കാളിക്ക് വിപണിയില്‍ കാര്യമായ വില ലഭിച്ചിരുന്നില്ല. അതിനാല്‍ വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുക എന്നതിനപ്പുറം കര്‍ഷകര്‍ കാര്യമായ വ്യാവസായിക പ്രധാന്യം ഈ കൃഷിക്ക് നല്‍കിയില്ല. വിപണനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ കാന്തല്ലൂര്‍ ആപ്പിള്‍ പോലെ മരത്തക്കളിക്കും വലിയ പ്രാധാന്യം ലഭിക്കും. പ്രതികൂല സാഹചര്യത്തിലും കാന്തല്ലൂരില്‍ ഒരു ടണ്ണിനടുത്ത് മരത്തക്കാളി പ്രതിവർഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.