ഇടുക്കി: നാടിനെ നടുക്കിയ കാഞ്ചിയാർ കൊലപാത കേസിലെ പ്രതി ബിജേഷ് ഒടുവില്‍ പൊലീസ് പിടിയില്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന ബിജേഷിനെ പിടികൂടിയത്. അന്വേഷണ ചുമതല കട്ടപ്പന ഡിവൈഎസ്‌പിക്ക് ആയതിനാൽ കുമളി പൊലീസ് ഇയാളെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു.
അനുമോളെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കിയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജേഷ് വ്യക്തമാക്കി. വിവാഹമോചനത്തെ ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു എന്നും ബിജേഷ് പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായതോടെ അനുമോൾ വനിത സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതക്കിലേക്ക് നയിച്ചത് എന്നാണ് ബിജേഷിന്‍റെ മൊഴി.
എന്നാൽ ഇയാളുടെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അനുമോളുടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ വിറ്റുകിട്ടിയ 5000 രൂപയുമായാണ് ഇയാൾ ഒളിവിൽ പോയത്. പണം തീർന്നതോടെ ഭക്ഷണം കഴിക്കാൻ പോലും മാർഗം ഇല്ലാതായി. തുടർന്ന് ഇയാൾ കുമളിയിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തമിഴ്‌നാട് ചെക്ക്പോസ്റ്റ് കടന്ന് ഇയാൾ കുമളിയിൽ എത്തിയപ്പോൾ പാന്‍റും ഷർട്ടുമായിരുന്നു വേഷം. ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെ കുമളി സിഐയും സംഘവും നടത്തിയ പരിശോധനയിൽ മുണ്ടും ഷർട്ടും ധരിച്ച് വേഷം മാറിയ ഇയാളെ റോസാപ്പൂക്കണ്ടത്ത് നിന്നും പിടികൂടുകയായിരുന്നു. പിടിയിലായ ഉടൻ ബിജേഷ് പൊലീസിനോട് ആവശ്യപ്പെട്ടത് ഭക്ഷണം വാങ്ങി നൽകാനാണ്.
കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലിയില്‍ മൃതദേഹം: കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് കിടപ്പുമുറിയിലെ കട്ടിലിന് അടിയില്‍ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് യുവതി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. തലയ്ക്കു ക്ഷതമേറ്റ് രക്തം വാർന്നാണു മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അധ്യാപികയാണ് കൊല്ലപ്പെട്ട അനുമോള്‍.
കേസിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ബിജേഷിനെ ഈ മാസം 21 മുതൽ കാണാതായിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്‌തപ്പോഴാണ് ബിജേഷിന്‍റെ കൈയിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി 5000 രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമോള്‍ എത്തിയില്ല: കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ എന്ന വത്സമ്മ. 17ന് സ്‌കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിറ്റേന്ന് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്‌കൂളിലെത്തിയില്ല. അനുമോള്‍ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് ബിജേഷ് ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതിയും നൽകി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്‌ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്‌തു.
ചൊവ്വാഴ്‌ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്‍റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ട പുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.