ഇടുക്കി: കമ്പംമേട് ശബരിമല ഇടത്താവളം പ്രഖ്യാപനത്തിൽ ഒതുങ്ങിയതായി ആക്ഷേപം. ആദ്യ പിണറായി സർക്കാറിന്‍റെ അവസാന ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി പ്രാഥമിക ഘട്ടത്തിൽ പോലും എത്തിയിട്ടിയില്ല. മറ്റൊരു മണ്ഡലകാലം കൂടെ അടുത്തെത്തി നിൽക്കുമ്പോൾ യാതൊരു വിധ സൗകര്യങ്ങളും ഒരുക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവമാണ് പദ്ധതി യാഥാർത്ഥ്യമാക്കുവാൻ തടസം നിൽക്കുന്നതെന്നാണ് എൽഡിഎഫ് ആരോപണം. യുഡിഎഫ് ഭരിക്കുന്ന കരുണാപുരം ഗ്രാമപഞ്ചായത്തിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തു നൽകേണ്ടതും പദ്ധതി നടത്തിപ്പിന് ചുക്കാൻ പിടിക്കേണ്ടതും പഞ്ചായത്താണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മണ്ഡലകാല കാലത്ത് ആയിരക്കണക്കിന് ഭക്തരാണ് കമ്പംമേട് വഴി ശബരിമലക്ക് എത്തുന്നത്.
കൂടുതല്‍ വായനക്ക്: ഷോപ്പിയാനില്‍ വെടിവെപ്പ്; ഭീകരനെ വധിച്ചു
മുൻകാലങ്ങളിൽ താൽക്കാലിക സംവിധാനമൊരുക്കിയാണ് അയ്യപ്പന്മാർക്ക് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ കമ്പംമെട്ടിൽ ഒരുക്കിയിരുന്നത്. അയ്യപ്പ സേവാ സംഘവും പൊലീസും വിവിധ വകുപ്പുകളും കൈകോർത്താണ് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.