ഇടുക്കി: കേരള- തമിഴ്നാട് അതിർത്തിയായ കമ്പം - കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പൊലീസ് പട്രോളിങ്. ഇതുവഴി യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന വാർത്ത ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് പൊലീസിന്റെ സുരക്ഷ നടപടി.
കമ്പം, തേനി പ്രദേശങ്ങളിലേക്ക് രാത്രി കാലങ്ങളിൽ പോകുന്നവരുടെ വാഹനങ്ങൾ തടഞ്ഞ് പണവും ആഭരണങ്ങളും കവരുന്ന സംഭവം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള- തമിഴ്നാട് പൊലീസ് സേനയുടെ നേതൃത്വത്തിലുളള പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചത്. കമ്പം മുതൽ കമ്പംമെട്ട് റോഡ് വരെയുള്ള തമിഴ്നാടിന്റെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസും സുരക്ഷ വർധിപ്പിച്ചു. രാത്രികാലങ്ങളിൽ പട്രോളിങ് കൂടുതൽ ശക്തമാക്കിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയപ്പോൾ കവർച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായ ചേറ്റുകുഴിയിലെ വ്യാപാരികളായ ജയനും, റിജുവും ആശുപത്രി വിട്ടു. അക്രമികളെ പറ്റി വ്യക്തമായ സൂചന കിട്ടിയെന്നാണ് തമിഴ്നാട് പൊലീസിന്റെ വിശദീകരണം.